ഐപിഎൽ കളിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ യുഎഇ സഹചര്യങ്ങളെ കുറിച്ച് മനസിലാക്കുന്നത് ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നതായി പരിശീലകൻ മാർക്ക് ബൗച്ചർ. ഐപിഎല്ലിൽ താരങ്ങൾ കൂടുതൽ അച്ചടക്കം പാലിച്ചാൽ സമയമാകുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഉയർന്നുവരാൻ അവർക്ക് കഴിയുമെന്ന് പരിശീലകൻ പറഞ്ഞു.
“ഐപിഎൽ കളിക്കുന്ന താരങ്ങളോട് സംസാരിച്ചു. അവർ തീർത്തും അച്ചടക്കം പാലിക്കേണ്ടതുണ്ട്, ശരിയായ സമയത്ത് ഒരു സംഘമായി ഉയർന്നു വരേണ്ടതുണ്ടെന്ന് അവർ മനസിലാക്കണം” എന്ന് മാർക്ക് ബൗച്ചർ പറഞ്ഞതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.
“ആ സാഹചര്യങ്ങളിൽ കളിച്ചു കൊണ്ട് അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നേടുന്നത് വലിയ ഒരു ടൂർണമെന്റിന് അവരെ പൂർണമായും സജ്ജമാക്കും, അവർ നെറ്റ്സിൽ കൂടുതൽ സമയം ചിലവഴിക്കുകയും സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുകയും ചെയ്താൽ അത് ഗുണം ചെയ്യും” അദ്ദേഹം പറഞ്ഞു.
ബയോ ബബിളിൽ ഒന്നിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാരണം മേയിൽ നിർത്തിവച്ച ഐപിഎൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 15 വരെയാണ് യുഎഇയിൽ നടക്കുന്നത്. അതിനു ശേഷം ഒക്ടോബർ 17ന് ലോകകപ്പിനും തുടക്കമാകും.
ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പര ദക്ഷിണാഫ്രിക്ക 3-0 ത്തിന് വിജയിച്ചതിനു പിന്നാലെയാണ് ബൗച്ചറുടെ പരാമർശം. നേരത്തെ വെസ്റ്റ് ഇൻഡീസിനും അയർലൻഡിനും എതിരെയുള്ള പരമ്പരകളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.
Also read: ‘എന്റെ പാദുകങ്ങൾ വിശ്രമിക്കും, ക്രിക്കറ്റിനോടുള്ള സ്നേഹം തുടരും;’ വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗ
The post ഐപിഎല്ലിലൂടെ താരങ്ങൾ യുഎഇ സാഹചര്യം മനസിലാക്കുന്നത് ഞങ്ങൾക്ക് ലോകകപ്പിൽ സഹായകമാകും: മാർക്ക് ബൗച്ചർ appeared first on Indian Express Malayalam.