കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിഷപ്പ് നടത്തിയ പ്രസ്താവന കേരളത്തിനോ ക്രൈസ്തവ സമൂഹത്തിനോ ചേരുന്നതല്ലെന്ന് കാനം പ്രതികരിച്ചു. ബിഷപ്പ് നടത്തിയ പ്രസ്താവന രാജ്യത്തിന് മാതൃകയായ കേരളത്തിലെ മതേതരത്വം തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കാണ് സഹായകമാവുകയെന്ന് കാനം ഫെയ്സ്ബുക്കിൽ കുറിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയെന്നത് സംഘപരിവാർ അജണ്ടയാണെന്നും ഇതിൽ കേരള സമൂഹം വീണുപോകരുതെന്നും കാനം കുറിച്ചു. വിഭജനത്തിനെതിരായ സന്ദേശം നൽകുന്നതിന് പകരം മതനേതാക്കളുടെ നാവുകളിൽ നിന്ന് വിഭജനം ഉണ്ടാകുന്നതരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാകരുതെന്നും ഫ്രാൻസിസ് മാർപാപ്പയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഓർമ്മിക്കുകയാണ് മത മേലധ്യക്ഷൻമാർ ചെയ്യേണ്ടതെന്നും കാനം പറയുന്നു.
കാനം രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മതഅധ്യക്ഷൻമാർ മാർപാപ്പയെ മാതൃകയാക്കുക
പാലാ ബിഷപ്പ് മാർജോസഫ് കല്ലറക്കാട്ട് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശം കേരള സമൂഹത്തിനും ക്രൈസ്തവ പാരമ്പര്യങ്ങൾക്കും ചേർന്നതല്ല. കേരളത്തിന്റെ മതേതര മനസ്സ് ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രംഗത്തു വന്നിട്ടുള്ള ബിജെപിയ്ക്ക് ഊർജ്ജം പകരാൻ ഉതകുന്ന പ്രസ്താവനയാണ് നിർഭാഗ്യവശാൽ പാലാ ബിഷപ്പിൽ നിന്നുണ്ടായിരിക്കുന്നത്. ക്രിസ്ത്യൻ മതന്യൂനപക്ഷം ഉൾപ്പെടെയുള്ള ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെ സമൂഹത്തിൽ കെട്ടുകഥകൾ പ്രചരിപ്പിക്കുക, വിഷലിപ്തമായ കള്ളപ്രചാരങ്ങൾ അഴിച്ചുവിടുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണ് ഇതിന്റെ ഭാഗമായി കേരളത്തിലെ മതസമൂഹങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുക എന്ന ലക്ഷ്യവുമായിട്ടാണ് മാർജോസഫ് കല്ലറക്കാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി രംഗത്തു വന്നിരിക്കുന്നത്. ഒറീസയിലെ ഖാണ്ഡമാലിൽ നിരപരാധികളായ ക്രിസ്തുമത വിശ്വാസികളെ ചുട്ടുകൊല്ലുമ്പോഴും ഭീകരമായി ആക്രമിക്കുമ്പോഴും ഉഡുപ്പിയിലെ ക്രിസ്ത്യൻ ആരാധനാലയം ആക്രമിക്കപ്പെട്ടപ്പോഴും ഇപ്പോൾ ഈ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്തു സജീവമായി നിലയുറപ്പിച്ചിരിക്കുന്നു. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അന്നത്തെ നിലപാടുകൾ ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും.
മതനേതാക്കളുടെ നാവുകളിൽ നിന്ന് വിഭജനം ഉണ്ടാകുന്നതരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാകരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഇത്തരുണത്തിൽ അഭിവന്ദ്യരായ മതമേലദ്ധ്യക്ഷന്മാർ സ്മരിക്കേണ്ടാതാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് എക്കാലവും മതനിരപേക്ഷതയ്ക്കും മത സൗഹാർദ്ദത്തിനും വേണ്ടി നിലകൊണ്ട പാരമ്പര്യമാണുള്ളത്. മതമേലദ്ധ്യക്ഷന്മാർ വിഭജനത്തിന്റെ സന്ദേശമല്ല നൽകേണ്ടത്. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാന്ത്വനത്തിന്റെയും നല്ലവാക്കുകളാണ് മതമേലദ്ധ്യക്ഷന്മാരിൽ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നത്. ഇതേക്കുറിച്ചുള്ള എല്ലാ വിവാദങ്ങളും അവസാനിപ്പിക്കാനും മതസൗഹാർദ്ദ ത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ട എല്ലാപേരോടും അഭ്യർത്ഥിക്കുന്നു.
– കാനം രാജേന്ദ്രൻ
Content Highlights: Kanam Rajendran on Narcotic jihad remark