തളിക്കുളം> ചേറ്റുവയിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ അസ്ഥികൂടം ആറുമാസത്തിനുശേഷം തളിക്കുളത്ത് ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി. ചേറ്റുവ ചാണാശ്ശേരി സനോജ്–ശിൽപ്പ ദമ്പതികളുടെ മൂത്ത മകൻ അമൽ കൃഷ്ണയാണ് (17) മരിച്ചത്. കഴിഞ്ഞ മാർച്ച് 18 ന് അമ്മയോടൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയ അമലിനെ കാണാതാകുകയായിരുന്നു. അമ്മ പുറത്തിറങ്ങിയപ്പോഴാണ് കാണാതായത്. പരിസരങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
തുടർന്ന് മാതാപിതാക്കൾ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവസാനം പതിഞ്ഞത് തൃപ്രയാറായിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അതിനിടയിലാണ് തളിക്കുളം ഗവ. ഹൈസ്കൂളിന് വടക്ക് പെട്രോൾ പമ്പിന് സമീപമുള്ള ആളൊഴിഞ്ഞ വീടിനുള്ളിൽ തലയോട്ടി കാണപ്പെട്ടത്. ഹൈവേ വികസനത്തിന്റെ ഭാഗമായി സമീപത്തെ ഹോട്ടൽ മാറ്റുന്നതിനായി ആളൊഴിഞ്ഞ ഈ വീട് തരപ്പെടുത്തിയിരുന്നു. ഇതിനായി സമീപത്തെ പൊന്തക്കാട് വെട്ടി വൃത്തിയാക്കിയശേഷം വീട് വൃത്തിയാക്കാൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് അകത്ത് കയറി നോക്കിയപ്പോഴാണ് വീടിനുള്ളിൽ തലയോട്ടി കാണപ്പെട്ടത്.
വിവരമറിയിച്ചതോടെ തൃശൂർ എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് മുകളിൽ കെട്ടിയ നിലയിൽ കയറും ധരിച്ചിരുന്ന പാന്റും ഷർട്ടും കണ്ടെത്തിയത്. വിദ്യാർഥിയുടേതാണ് തലയോട്ടിയെന്ന സംശയത്തിൽ കാണാതായ അമൽ മരിച്ചതാകാമെന്ന നിഗമനത്തിൽ പൊലീസ് വസ്ത്രങ്ങൾ പരിശോധിച്ചപ്പോൾ കീശയിൽനിന്ന് അമൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും എടിഎം കാർഡും ഫോട്ടോയും കണ്ടെത്തി. തുടർന്ന് വിവരം അമലിന്റെ വീട്ടുകാരെ അറിയിച്ചു.
വീട്ടുകാർ എത്തിയാണ് വസ്ത്രങ്ങളും മൊബൈലും മറ്റും തിരിച്ചറിഞ്ഞത്. തൂങ്ങിമരിച്ചതെന്നാണ് നിഗമനം. പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തശേഷമേ മരണവിവരം വൃക്തമാക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്പിക്കു പുറമെ, ഐജി, ക്രൈംബ്രാഞ്ച് എസ്പി രാജു, കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഹരിശങ്കർ, എസ്ഐമാരായ വിവേക് നാരായണൻ, അരിസ്റ്റോട്ടിൽ എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സഹോദരൻ: അഭിഷേക്.