തൃശൂർ > ‘ഭൂമിയുടെ അവകാശി’യായപ്പോൾ ഒറ്റക്കല്ല, അഞ്ചുപേരെക്കൂടെ ഒപ്പം ചേർത്തുനിർത്തി ബാബു. ആറു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ വനഭൂമിപട്ടയം ലഭിച്ച 60 സെന്റിൽനിന്നാണ് 15 സെന്റ് ഒരുതുണ്ടുഭൂമിയില്ലാത്ത അഞ്ചുപേർക്ക് നൽകി ഈ കമ്യൂണിസ്റ്റുകാരൻ മാനവസ്നേഹത്തിന്റെ മാനിഫെസ്റ്റോ തീർത്തത്. സിപിഐ എം ഒല്ലൂർ ഏരിയ കമ്മിറ്റി അംഗവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ് പി എസ് ബാബു. പുത്തൂരിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി അർഹരെ കണ്ടെത്തും.
പട്ടയമേളയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ബാബുവിന് പട്ടയം കൈമാറിയത്. വേദിയിൽ ഭൂമി ദാനത്തിന്റെ കാര്യം മന്ത്രിമാരെ അറിയിച്ചു. റവന്യൂമന്ത്രി കെ രാജൻ ഇക്കാര്യം പ്രഖ്യാപിച്ചു. ഭൂമിക്ക് പട്ടയമെന്നതായിരുന്നു തന്നെപ്പോലുള്ളവരുടെ സ്വപ്നം. ഒരു തുണ്ടുഭൂമിപോലുമില്ലാത്തവർ ഒരുപാടുണ്ട്. അവരുടെ വേദന മാറ്റാൻ കഴിയാവുന്നത് ചെയ്യുകയാണെന്ന് ബാബു പറഞ്ഞു. ബെറ്റിയാണ് ബാബുവിന്റെ ഭാര്യ. മരീന, അലീന എന്നിവർ മക്കളാണ്.