ആലപ്പുഴ
സംസ്ഥാനത്തെ വിദ്യാലയങ്ങൾ എത്രയും വേഗം തുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സർവശിക്ഷ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം കായംകുളം ഗവ. ടൗൺ യുപി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് സാഹചര്യത്തിൽ അധ്യാപകരും വിദ്യാർഥികളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ പരിമിതികൾക്കിടയിലും സംസ്ഥാനത്ത് 16 മാസവും ഓൺലൈനായി ക്ലാസുകൾ നടത്താനും എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താനും കഴിഞ്ഞു–- മന്ത്രി പറഞ്ഞു.
യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. എ എം ആരിഫ് എംപി മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പദ്ധതി ബ്രോഷർ പ്രകാശനം ചെയ്തു. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി വി സജീവ് എന്നിവർ സംസാരിച്ചു.