തിരുവനന്തപുരം
സംസ്ഥാനത്തെ മുഴുവൻ സ്കൂളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനായി സ്കൂൾ പശ്ചാത്തല സൗകര്യങ്ങളും അക്കാദമിക് നിലവാരവും ഉയർത്താനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 92 സ്കൂൾ കെട്ടിടത്തിന്റെയും 48 ഹയർ സെക്കൻഡറി ലാബിന്റെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറിയുടെയും ഉദ്ഘാടനവും 107 സ്കൂളിന്റെ കല്ലിടലും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ സർക്കാർ പൊതുവിദ്യാഭ്യാസമേഖലയിൽമാത്രം 4000 കോടി രൂപയുടെ നിർമാണമാണ് നടത്തിയത്. സ്കൂളുകൾ തുറക്കാൻ കഴിഞ്ഞാൽ ക്ലാസ് മുറി വിദ്യാഭ്യാസം ആരംഭിക്കും. കോവിഡ്കാലത്തെ കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മികവ് വ്യക്തമാകും. യുനസ്കോയുടെ പഠനം അനുസരിച്ച് ആഗോളതലത്തിൽ 126 കോടി കുട്ടികളുടെ വിദ്യാഭ്യാസത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചു. ഇന്ത്യയിൽ 32 കോടി കുട്ടികളെയാണ് ബാധിച്ചത്.
മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റും ലഭ്യമാക്കുന്നത് പ്രശ്നമായിരുന്നു. വിവിധ മേഖലകളുടെ സഹായത്തോടെ ഉപകരണങ്ങൾ നൽകാനായി. ഇന്റർനെറ്റ് ദാതാക്കളുമായി ചർച്ച നടത്തി കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചു. പരീക്ഷ കൃത്യമായി നടത്തി ഫലം പ്രഖ്യാപിച്ചു.
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് 214 കോടി രൂപയാണ് ചെലവഴിച്ചത്. കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് 11 സ്കൂൾ കെട്ടിടവും മൂന്നു കോടി ചെലവഴിച്ച് 23 കെട്ടിടവും നിർമിച്ചു. പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് 58 കെട്ടിടവും നിർമിച്ചു. 48 ഹയർ സെക്കൻഡറി ലാബിനായി 22 കോടി രൂപ ചെലവഴിച്ചു. 85 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നു ലൈബ്രറി നിർമിച്ചത്. 107 കെട്ടിടത്തിന്റെ നിർമാണത്തിന് 124 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായി.