ശ്രീലങ്കൻ ക്രിക്കറ്റ് താരം ലസിത് മലിംഗ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2014ൽ ടി 20 ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റനായ മലിംഗ ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പൂർത്തിയാക്കി.
തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചുകൊണ്ട് മലിംഗ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ടി -20 യിലെ തന്റെ വിക്കറ്റുകളെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. “എന്റെ ഷൂസ് വിശ്രമിക്കുമ്പോഴും ഗെയിമിനോടുള്ള എന്റെ സ്നേഹം ഒരിക്കലും വിശ്രമിക്കില്ല,” എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
“ലസിത് മലിംഗയുടെ സന്ദേശം,” എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.
“ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചുകൊണ്ട് ഞാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 17 വർഷമായി ഞാൻ നേടിയ അനുഭവം ഇനി ഈ മേഖലയിൽ ആവശ്യമില്ല,” മലിംഗ കുറിച്ചു.
“പക്ഷേ, കളിയുടെ ആത്മാവ് ഉയർത്തിപ്പിടിക്കാനായി വളരുന്ന യുവതലമുറയെ ഞാൻ തുടർച്ചയായി പിന്തുണയ്ക്കുകയും കളി ഇഷ്ടപ്പെടുന്ന എല്ലാവരോടും കൂടെ ഞാൻ എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും.
നിങ്ങൾക്കെല്ലാവർക്കും ത്രിരത്നങ്ങളുടെ അനുഗ്രഹമുണ്ടാവട്ടെ! ശ്രീലങ്ക ക്രിക്കറ്റ്, മുംബൈ ഇന്ത്യൻസ്, മെൽബൺ സ്റ്റാർസ്, രംഗ്പൂർ റൈഡേഴ്സ്, കെന്റ് ക്രിക്കറ്റ് ഗയാന, ആമസോൺ വാരിയേ,ഴ്സ് മറാത്ത അറേബ്യൻസ്, മോൺട്രിയൽ ടൈഗേഴ്സ്,” മലിംഗ കുറിച്ചു.
Read More: ICC T20 World Cup 2021: ടി 20 ലോകകപ്പ്; ടീമുകൾ, ഗ്രുപ്പുകൾ, മത്സരക്രമം അറിയാം
ഈ വർഷം ആദ്യം, മലിംഗയുടെ ഐപിഎൽ ടീം ആയ മുംബൈ ഇന്ത്യൻസിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മലിംഗ പറഞ്ഞിരുന്നു. ഈ വർഷം അദ്ദേഹത്തെ ടീമിൽ നിലനിർത്തിയില്ലെന്നും പറഞ്ഞിരുന്നു.
2020 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 യിലാണ് അദ്ദേഹം അവസാനമായി ശ്രീലങ്കയ്ക്കായി കളിച്ചത്.
കഴിഞ്ഞയാഴ്ച ശ്രീലങ്ക ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു.
ഐപിഎല്ലിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് മലിംഗ. 166 വിക്കറ്റുകളാണ് ഐപിഎല്ലിൽ മലിംഗയുടെ നേട്ടം.
ശ്രീലങ്കയ്ക്ക് വേണ്ടിയും സുപ്രധാന നേട്ടങ്ങൾ താരം സ്വന്തമാക്കി. . അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് തവണ തുടർച്ചയായി നാല് പന്തിൽ നാല് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
The post ‘എന്റെ പാദുകങ്ങൾ വിശ്രമിക്കും, ക്രിക്കറ്റിനോടുള്ള സ്നേഹം തുടരും;’ വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗ appeared first on Indian Express Malayalam.