ആലപ്പുഴ > വിദ്യാർഥികൾക്ക് പ്രകൃതിയെ അറിയാൻ ശലഭോദ്യാനം പദ്ധതി ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായംകുളം ഗവൺമെന്റ് യു പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. തുടർപ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്കൊപ്പം അധ്യാപകരും പിടിഎയും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ കായംകുളം എംഎൽഎ അഡ്വ. യു പ്രതിഭ അധ്യക്ഷയായി. എ എം ആരിഫ് എംപി വിശിഷ്ടാതിഥിയായി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ബ്രോഷറും എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് ലോഗോയും പ്രകാശനം ചെയ്തു.
സ്കൂൾ ക്യാമ്പസിൽ പൂമ്പാറ്റകൾ സമൃദ്ധമായി ഉണ്ടാകുന്ന രീതിയിൽ ചെടികൾ നട്ടു പരിപാലിക്കുന്നതിനായി പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശലഭോദ്യാനം. ഇതിനായി അധ്യാപക പ്രതിനിധികൾക്കും വിദ്യാർഥികൾക്കും പ്രത്യേകം ഓൺലൈൻ പരിശീലനം നൽകും. സ്കൂളുകളിൽ ശലഭ ക്ലബുകളും രൂപീകരിക്കും.