തിരുവനന്തപുരം> ഡിസിസി പുനഃസംഘടനയെ തുടർന്നുള്ള അഭിപ്രായവ്യത്യാസത്തിൽ കെ പി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കും. തിരുവനന്തപുരത്ത് രാവിലെ 11ന് വാർത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചേക്കും . അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്തിയെ തുടർന്നാണ് രാജി തീരുമാനം. കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ് അനിൽകുമാർ . അനിൽകുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി നേതൃത്വം അറിയിച്ചിരുന്നു.
ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് കെ പി അനിൽകുമാർ ഉയർത്തിയത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ച രീതി ശരിയല്ല. ചർച്ചകൾ നടന്നിട്ടില്ല. അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് കോൺഗ്രസിന്റെ രീതിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനിലും കെപിസിസി പ്രസിഡന്റ് കെ സുധാകരനിലും കോൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടമായിയെന്നും അനിൽകുമാർ തുറന്നടിച്ചിരുന്നു.
കോഴിക്കോട് ജില്ലയിൽ ഡിസിസി യെയും കോൺഗ്രസ് പാർടിയെയാകെയും എം കെ രാഘവൻ എംപി നോക്കുകുത്തിയാക്കി. രാഘവന്റെ നോമിനിയാണ് പുതിയ ഡിസിസി പ്രസിഡന്റ് എന്നും അനിൽകുമാർ ആരോപിച്ചിരുന്നു.
തുടർന്ന് കെ പി സി സി നേതൃത്വം അനിലിനെ സസ്പെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. മറുപടി നൽകിയിട്ടും സസ്പെൻഷൻ പിൻവലിച്ചിരുന്നില്ല. സസ്പെൻഡ് ചെയ്തതിനെതിരെ എഐസിസിക്കും പരാതി നൽകിയിരുന്നു.
കെപിസിസി സംസ്ഥാന സമിതി അംഗവും പാലക്കാട്ടെ മുതിർന്ന നേതാവുമായ എ വി ഗോപിനാഥ് കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടിരുന്നു.