തിരുവനന്തപുരം> കെഎസ്ആർടിസി പമ്പുകളിൽനിന്ന് പൊതുജനങ്ങൾക്കും ഇന്ധം നിറയ്ക്കാവുന്ന ‘കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്സി’ന്റെ സംസ്ഥാന തല ഉദ്ഘാടനം 15 ന് നടക്കും. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വൈകിട്ട് 5 ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവ്വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം 75 ഇന്ധന ചില്ലറ വില്‍പ്പനശാലകള്‍ ആണ് സ്ഥാപിക്കുക.ആദ്യഘട്ടത്തില്‍ 8 പമ്പുകളാണ് ആരംഭിക്കുന്നത്. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും.
കെഎസ്ആര്‍ടിസി കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി ചേർന്നുള്ള നൂതന സംരംഭമാണ് ”കെഎസ്ആര്‍ടിസി യാത്രാ ഫ്യൂവല്‍സ്.” തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്ലെറ്റുകളില് വിതരണം ചെയ്യുന്നത്. ക്രമേണ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക വാഹനങ്ങളുടെ ചാര്‍ജിംഗ് സെന്റര്‍ തുടങ്ങിയവയും, 5 കിലോയുള്ള എല്‍പിജി സിലിണ്ടറായ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും.
മറ്റ് ഏഴ് പമ്പുകള്‍ 16 ന് വൈകിട്ട് 5 ന് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ചേര്‍ത്തലയില്‍ കൃഷി മന്ത്രി പി. പ്രസാദ് , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ചിന് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറില്‍ മന്ത്രി റോഷി അഗസ്റ്റിന്, രാവിലെ 9ന് മൂവാറ്റുപുഴയില്‍ മന്ത്രി പി രാജീവ്, വൈകിട്ട് 4 ന് ചാലക്കുടിയില്‍ മന്ത്രി ആര്. ബിന്ദു, വൈകിട്ട് 5 ന് കിളിമാനൂരില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് എഞ്ചിന് ഓയില്‍ വാങ്ങുമ്പോള്‍ ഓയില്‍ ചെയ്ഞ്ച് സൗജന്യമായിരിക്കും, 200 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുച്ചക്ര വാഹന ഉടമകള്‍ക്കും, 500 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കുമായി നടക്കുന്ന കാമ്പയിനിംഗില്‍ പങ്കെടുക്കാം. കാമ്പയിനിംഗില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് കാര്‍, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.