കോഴിക്കോട് > സാമുദായിക ധ്രുവീകരണത്തിനെതിരെ ഐ എൻ എൽ നേതൃത്വത്തിൽ സുഹൃദ്സംഗമങ്ങൾ സംഘടിപ്പിക്കും. മതത്തെ സാമൂഹിക വിഭജനത്തിനുള്ള ആയുധമാക്കരുത് എന്ന മുദ്രാവാക്യവുമായി15 മുതൽ ഒക്ടോബർ 14 വരെയാണ് പരിപാടി. പാർടിയിലുണ്ടായ ഭിന്നത ചർച്ചചെയ്ത് പരിഹരിച്ചതായും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു.
പാലാ ബിഷപ്പിന്റെ പ്രസ്താവന അനുചിതമാണ്. മുതലെടുപ്പിനു് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മത‐സാമൂദായിക നേതൃത്വങ്ങൾ പിന്മാറണം.
ഹരിതയുടെ പെൺകുട്ടികൾക്കെതിരെ സ്വീകരിച്ച നടപടികൾ മുസ്ലിംലീഗിന്റെ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ലീഗിന്റെ സ്ത്രീവിരുദ്ധമുഖം ഒരിക്കൽ കൂടി പുറത്തുവന്നിരിക്കയാണ്. സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നൂറാം ജന്മവാർഷികാഘോഷത്തിന് നവംബറിൽ തുടക്കമിടും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി, സെക്രട്ടറിമാരായ എം എ ലതീഫ്, നാസർകോയ തങ്ങൾ എന്നിവരും പങ്കെടുത്തു.
പാർടിയിൽ ജൂലൈ 25നുണ്ടായ ചേരിപ്പോര് ദൗർഭാഗ്യകരമാണ്. പ്രശ്നങ്ങൾ പരിഹരിച്ച് യോജിച്ചുപോകാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ഭാരവാഹികൾ നേതൃത്വത്തിൽ തുടരും. അച്ചടക്ക നടപടികൾ പിൻവലിക്കും. മെമ്പർഷിപ്പ് അടുത്തമാസം പൂർതിയാക്കി എല്ലാതലത്തിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 14 ജില്ലകളിലും കൺവൻഷൻ വിളിച്ച് പ്രവർത്തനം സജീവമാക്കുമെന്നും ഇരുവരും അറിയിച്ചു. .