ഇരിങ്ങാലക്കുട > വേളൂക്കര പഞ്ചായത്തിൽ കോൺഗ്രസ്, ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ അവിശ്വാസം തള്ളി. എൽഡിഎഫ് ഭരണം തുടരും. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി അംഗം പിന്തുണച്ചു. എന്നാൽ മറ്റൊരു ബിജെപി അംഗം യോഗത്തിൽ ഹാജരാവാൻ വൈകിയതോടെ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. ഇതോടെ പ്രമേയം തള്ളിപ്പോവുകയായിരുന്നു.
നിലവിൽ എൽഡിഎഫ് എട്ട്, യുഡിഎഫ് എട്ട്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചത്. കെ എസ് ധനീഷാണ് പ്രസിഡന്റ്. കഴിഞ്ഞ മാസം 31ന് എട്ട് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയം നല്കിയിരുന്നത്. പ്രമേയം തിങ്കളാഴ്ച വോട്ടിനിട്ടപ്പോൾ യുഡിഎഫിനൊപ്പം ബിജെപിയിലെ അജിത ബിനോയും പിന്തുണച്ചു. ബിജെപിയിലെ സി ആർ ശ്യാംരാജ് യോഗത്തിനെത്താൻ വൈകി. എട്ട് എൽഡിഎഫ് അംഗങ്ങൾ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തു.
18 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. ഭൂരിപക്ഷം ഇല്ലാത്തതിനാൽ പ്രമേയം തള്ളിയതായി വരണാധികാരി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ഇ എം ലോഹിതാക്ഷൻ പ്രഖ്യാപിച്ചു. വൈകിയെത്തിയ ബിജെപി അംഗത്തെ യോഗത്തിൽ പങ്കെടുപ്പിക്കാത്തതിനെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. എന്നാൽ നോട്ടീസ് പ്രകാരമുള്ള യോഗ സമയമായ 11ന് തന്നെ ഹാളിൽ ഹാജരാകണമെന്നതാണ് നിയമമെന്ന് വരണാധികാരി വിശദീകരിച്ചു. ചർച്ചക്കുശേഷം പകൽ രണ്ടോടെയാണ് പ്രമേയം വോട്ടിനിട്ടത്. പ്രമേയം തള്ളിയതോടെ എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.