കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ ഏറ്റവുമധികം ആഘോഷിച്ച വാർത്തകളിൽ ഒന്നാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. പലരും സന്തോഷം പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിപ്പുകളും പങ്കുവച്ചു. സിംഗപ്പൂർ സൗത്ത് ഏഷ്യൻ ചലച്ചിത്ര മേളയിൽ ഇന്ദ്രൻസിന് “വെയിൽമരങ്ങളി’ ലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം കിട്ടിയതായിരുന്നു സോഷ്യൽ മീഡിയയിൽ ആഘോഷമായത്.
എന്നാൽ ചെറിയൊരു തിരുത്തുണ്ട് ഇക്കാര്യത്തിൽ എന്നാണ് ചിത്രത്തിന്റെ സംവിധായകൻ ഡോ. ബിജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
കുറിപ്പ് വായിക്കാം:
ഇന്ദ്രൻസ് ചേട്ടന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ചലച്ചിത്ര മേളയിൽ വെയിൽമരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം കിട്ടിയത് ഇന്ന് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നത് കണ്ടു…ഒട്ടേറെ പേർ മെസ്സേജ് അയയ്ക്കുകയും ചെയ്തു….
ഒരു ചെറിയ തിരുത്ത് ഉണ്ട്..ആ പുരസ്കാരം കിട്ടിയത് രണ്ടു വർഷങ്ങൾക്ക് മുൻപ് ആയിരുന്നു. 2019 ൽ…വെയിൽമരങ്ങളിലെ ഇന്ദ്രൻസ് ചേട്ടന്റെ അഭിനയവും എം. ജെ.രാധാകൃഷ്ണന്റെ അസാമാന്യമായ ഛായാഗ്രഹണവും എത്ര പേർ കണ്ടിട്ടുണ്ടാവും എന്നറിയില്ല. സിനിമ 2020 ഫെബ്രുവരിയിൽ കേരളത്തിൽ കുറച്ചു തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും പ്രധാന മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പ്രധാന മത്സര വിഭാഗത്തിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമ പുരസ്കാരം നേടിയത് വെയിൽമരങ്ങൾ ആയിരുന്നു. ഔട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോൾഡൻ ഗോബ്ലറ്റ്പുരസ്കാരം . പിന്നീട് ഫ്രാൻസിലെ ടുലോസ് ഇന്ത്യൻ ചലച്ചിത്ര മേള, ചൈനയിലെ ചോങ്ക്വിങ് ചലച്ചിത്ര മേള എന്നിവിടങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, കേരള ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പ്പാക് പുരസ്കാരം എന്നിവയും വെയിൽമരങ്ങൾക്ക് ലഭിച്ചിരുന്നു.
ആ വർഷത്തെ കേരള സംസ്ഥാന അവാർഡ് ജൂറി രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത 25 ചിത്രങ്ങളിൽ ഉൾപ്പെടാൻ തക്ക യോഗ്യതയും നിലവാരവും ഇല്ലെന്ന വിലയിരുത്തലിൽ ആദ്യ ഘട്ടത്തിൽ തന്നെ വെയിൽമരങ്ങൾ പുറന്തള്ളുകയും ചെയ്തിരുന്നു.. സിംഗപ്പൂരിൽ ഇന്ദ്രൻസ് ചേട്ടന് വേണ്ടി അവാർഡ് സ്വീകരിച്ചതിന്റെ ഓർമചിത്രങ്ങൾ പങ്കു വയ്ക്കുന്നു…