തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉൾപ്പെടെയുള്ളവരെയാണ് ക്രൈംബ്രാഞ്ച്ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാർട്ടി തലത്തിൽ സമ്മർദ്ദമുണ്ടെന്നുംപ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണങ്ങൾ ശക്തമായി നിലനിൽക്കുകയും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയും ചെയ്യുന്നസാഹചര്യത്തിലാണ് അറസ്റ്റ്.
ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരൻ, ജോസ് ചക്രംപള്ളി, ബൈജു ടി.എസ്,ലളിതൻ വി.കെ. എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് നിലവിൽ പ്രതിചേർത്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഇതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിർത്ത് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. 100 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കേസ് സിബിഐയാണ് അന്വേഷിക്കേണ്ടതെന്നാണ് ഹർജിക്കാരുടെ ആവശ്യം.
Content Highlights:Four arrested in Karuvannur Bank Scam














