കോഴിക്കോട്: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അവരുടെ അശങ്കയാണെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ബിഷപ്പിന്റെ പ്രസ്താവനയെ ന്യായീകരിക്കാനോ നിരാകരിക്കാനോ വരുന്നില്ല. വിവാദമുണ്ടായ ശേഷം ബിഷപ്പിനോട് ഫോണിൽ സംസാരിച്ചുവെന്നും ഇക്കാര്യത്തിൽ പാലാ ബിഷപ്പിന് ദുരുദ്ദേശം ഉണ്ടെന്ന് കരുതുന്നില്ലെന്നും പി.എസ്. ശ്രീധരൻ പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയ ആശങ്ക സംബന്ധിച്ച് കൂടുതൽ പഠിച്ചിട്ടില്ല. പത്താം തീയതി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കണ്ട അവസരത്തിൽ ഇക്കാര്യത്തേക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രാഥമികമായി അറിയാമായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനന സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യങ്ങൾബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരാമർശം നടത്തിയതെന്നാണ്പാലാ ബിഷപ്പ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയമില്ല, മറ്റുമതങ്ങളെ അപമാനിക്കാനില്ല. ആധികാരികമായി മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കാര്യങ്ങൾ പറഞ്ഞത്. അത് ചെയ്യേണ്ടത് ചുമതലയാണെന്നും ആരേയും അപമാനിക്കാനായി പറഞ്ഞല്ലെന്നും അദ്ദേഹം തന്നോട് പറഞ്ഞതായും ശ്രീധരൻപിള്ള വ്യക്തമാക്കി.
വിഷയത്തിൽ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടുമോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, കാര്യങ്ങൾ എങ്ങനെ പോകും എന്ന കാര്യം പ്രവചിക്കാൻ സാധിക്കില്ല. നീതി നിധേഷിക്കപ്പെട്ടവർക്ക് നീതി കൊടുക്കാൻ പ്രതിബന്ധതയും പ്രതിജ്ഞാബന്ധതയുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ആ നിലക്ക് സത്യം ജയിക്കും, നീതി ജയിക്കും എന്ന് കരുതുന്നുവെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
Content Highlights:P. S. Sreedharan Pillai on Narcotic Jihad Remark