കണ്ണൂർ: എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസിനെതിരായ ആരോപണങ്ങൾ അടഞ്ഞ അധ്യായമെന്ന് ഹരിതയുടെ പുതിയ ജനറൽ സെക്രട്ടറി റുമൈസ റഫീഖ്. നവാസിന് പാർട്ടി താക്കീത് നൽകിയിട്ടുണ്ട്.അതേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ലെന്നും പാർട്ടി സ്വീകരിച്ചത് ഉചിതമായ തീരുമാനമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.
അനീതിയെ ചോദ്യംചെയ്യാൻ പാടില്ലെന്ന് മുസ്ലീം ലീഗിൽ പറയുന്നില്ല. പാർട്ടിക്കുള്ളിൽ നിന്ന് അനീതിക്കെതിരെ പോരാടുകയെന്നതാണ് നയമെന്നും റുമൈസ കൂട്ടിച്ചേർത്തു. അനീതി കണ്ടാൽ ചോദ്യംചെയ്യരുത് എന്നതല്ല പാർട്ടി പറയുന്നത്. വിഷയങ്ങളുണ്ടാകുമ്പോൾ പാർട്ടി നടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണ് പുതിയ കമ്മിറ്റി നിലവിൽവന്നത്.
ഹരിതയെ സംബന്ധിച്ച് വിദ്യാർഥിനികളെ മുന്നോട്ട് കൊണ്ടുവരിക, അവർക്ക് രാഷ്ട്രീയം പറയാനുള്ള അവസരം നൽകുക എന്നതാണ് ലക്ഷ്യം. വനിത ലീഗിന് ഒക്കെ നൽകുന്നതിലും വലിയ പ്രധാന്യം ഹരിതയ്ക്ക് പാർട്ടി നൽകുന്നുണ്ടെന്നും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് നോക്കിയാൽ ഇക്കാര്യം മനസ്സിലാകുമെന്നും അവർ പറഞ്ഞു.
താൻ ഭാരാവാഹിയാകുന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പാർട്ടി നേതൃത്വമാണ് തീരുമാനമെടുത്തത്. താൻ പോലും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും റുമൈസ പറയുന്നു.
Content Highlights: Haritha new general secretary Rumaisa Rafeeq`s opinion oncontroversy