മലപ്പുറം
ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ മലബാർ കലാപത്തെ ദുർവിനിയോഗിക്കുന്നത് പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കലിക്കറ്റ് സർവകലാശാല ഇ എം എസ് ചെയർ സംഘടിപ്പിച്ച ‘മലബാർ കലാപം: ആഹ്വാനവും താക്കീതും’ വെബിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മലബാർ കലാപത്തെ ശാസ്ത്രീയവും യുക്തിഭദ്രവുമായി വിശകലനം ചെയ്യണം. സ്വന്തം രാഷ്ട്രീയ, സാമൂഹ്യ, വർഗീയ താൽപ്പര്യങ്ങൾക്കായി കൈകാര്യംചെയ്യരുത്. ഹിന്ദു–-മുസ്ലിം സ്നേഹസൗഹൃദത്തെ ഉലയ്ക്കുന്ന രീതിയിൽ ബ്രിട്ടീഷുകാർ കലാപത്തെ തെറ്റായി പ്രചരിപ്പിച്ചു. മലബാർ സമരത്തിന് ശരിയായ വിശകലനം നൽകിയത് കമ്യൂണിസ്റ്റ് പാർടിയാണ്. ‘ആഹ്വാനവും താക്കീതും’ ലഘുലേഖ അതിനെ ശാസ്ത്രീയവും മതനിരപേക്ഷവുമായി വിശകലനംചെയ്തു.
സാമ്രാജ്യത്വവിരുദ്ധ അംശത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം നേതൃത്വഘടനയിലെ പരിമിതികളെയും ശരിയായ നിലയിൽ വിശകലനംചെയ്യാനായി–- വിജയരാഘവൻ പറഞ്ഞു.