ന്യു യോര്‍ക്ക്: 21-ാം ഗ്രാന്സ്ലാം എന്ന ചരിത്ര നേട്ടം കുറിക്കാനിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിന് പിഴച്ചു. യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിന്. സമ്മര്‍ദത്തിന്റെ ഭാരവുമായി കോര്‍ട്ടിലിറങ്ങിയ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദ്വദേവ് പരാജയപ്പെടുത്തിയത്. താരത്തിന്റെ ആദ്യ ഗ്രാന്സ്ലാമാണിത്. സ്കോര്‍ 6-4, 6-4, 6-4.
2021 ല്‍ ആദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാന്സ്ലാം ഫൈനലില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ ഫ്രെബ്രുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മെദ്വദേവിനെ തന്നെ കീഴടക്കിയായിരുന്നു തുടക്കം. പിന്നാലെ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും സെര്‍ബിയന്‍ താരം അനായാസം സ്വന്തമാക്കുന്നതായിരുന്നു കണ്ടത്. എന്നാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കൊ തന്റെ നിലവാരം പുലര്‍ത്തിയില്ല എന്ന് പറയാം.
38 അണ്ഫോഴ്സ്ഡ് എററുകളാണ് ജോക്കോവിച്ച് വരുത്തിയത്. ബ്രേക്ക് പോയിന്റ് നേടാനുള്ള അവസരങ്ങളും നഷ്ടപ്പെടുത്തി. കളിക്കിടയില്‍ അസ്വസ്ഥനായിരുന്നു താരം ടെന്നിസ് റാക്കറ്റ് കോര്‍ട്ടിലേക്ക് എറിഞ്ഞ് കാളികളുടെ കൂകല്‍ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍ മെദ്വദേവ് കളം നിറയുന്ന കാഴ്ചയായിരുന്നു കലാശപ്പോരാട്ടത്തില്‍ കണ്ടത്.
വോളിയും ഡ്രോപ് ഷോട്ടുകളുമായി മെദ്വദേവ് കളം നിറഞ്ഞു. ജോക്കോവിച്ചിനെ വീഴ്ത്തിയത് ജോക്കോയുടേതിന് സമാനമായ തന്ത്രങ്ങളിലൂടെയെന്നും പറയാം. ലോക ഒന്നാം നമ്പര്‍ താരത്തിന് പഴുതുകള്‍ കൊടുക്കാതെയായിരുന്നു മുന്നേറ്റം. 2005 ന് ശേഷം ഗ്രാന്സ്ലാം നേടുന്ന ആദ്യ റഷ്യന്‍ താരമെന്ന നേട്ടവും മെദ്വദേവ് സ്വന്തമാക്കി.
Also Read: യുഎസ് ഓപ്പണ്‍: വനിത സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്; ചരിത്ര നേട്ടം
The post യുഎസ് ഓപ്പണ്‍: ജോക്കോവിച്ച് വീണു, ഡാനില്‍ മെദ്വദേവിന് കിരീടം appeared first on Indian Express Malayalam.