കാബൂള്‍
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പഠനം തുടരാമെന്ന് താലിബാന്. നിബന്ധനകള്‍ക്കു വിധേയരായി പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദത്തിന് ഉൾപ്പെടെ പഠിക്കാം. എന്നാല്‍, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ് മുറികള്‍മാത്രമെ അനുവദിക്കൂ എന്നും താലിബാൻ ഉന്നത വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ ഹഖാനി പറഞ്ഞു.
കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്. പാഠ്യപദ്ധതി താലിബാന് വിശദമായി അവലോകനം ചെയ്യുമെന്നും അഫ്ഗാനില്‍ പുതിയ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തിൽ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുകളില്‍ ഖുറാന് വചനങ്ങള്‍ ആലേഖനം ചെയ്ത വെളുത്ത പതാക ഉയര്‍ത്തി താലിബാന് പുതിയ സര്‍ക്കാരിന് ഔദ്യോഗിക തുടക്കം കുറിച്ചു. സെപ്തംബര്‍ 11ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അന്താരാഷ്ട്രതലത്തില്‍ അതൃപ്തി ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിയിരുന്നു.
മുഹമ്മദ് ഹസ്സൻ അഖുന്ദിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിലെ 33 മന്ത്രിമാരും പുരുഷന്മാരാണ്. ഇടക്കാല മന്ത്രിസഭ അഫ്ഗാനിസ്ഥാന്റെ യഥാർഥ മുഖമാകുമെന്നും രാജ്യത്ത് സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കപ്പെടുമെന്നും മുന്‍ പ്രസിഡന്റ് ഹമീദ് കർസായി പ്രത്യാശ പ്രകടിപ്പിച്ചു.