പാലക്കാട്: ഗവേഷക വിദ്യാർഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യയിൽ ഗൈഡ് ഡോക്ടർ എൻ. രാധികയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. പ്രബന്ധത്തിൽ തിരുത്തൽ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന ഗൈഡിന്റെ വാദം ശരിയല്ലെന്നാണ് കൃഷ്ണ സഹോദരി രാധിക പറയുന്നത്.
കഴിഞ്ഞ ദിവസം കോളേജിൽ എത്തിയപ്പോൾ എന്തോ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ കുമാരി പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു. പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദിക്കുന്നത്.
ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് ഡോക്ടർ എൻ. രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എപ്പോഴും കറക്ഷൻ എന്ന് പറഞ്ഞാണ് മാനസികമായി തളർത്തിയത്.
പഠനത്തിൽ വളരെ മികവ് കാണിച്ചിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനസികമായി തകർന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമർപ്പിക്കുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവെന്ന് കുടുംബം ആരോപിക്കുന്നു.
മെറിറ്റിൽ കിട്ടിയ സ്കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർഥിയായി ചേർന്നത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ കോയമ്പത്തൂർ അമൃത കോളേജിലാണ് ഗവേഷണം നടത്തിയിരുന്നത്.
Content Highlights: Family says Krishna kumari`s suicide was like blue whale game and guide Dr N Radhika responsible for this