കോഴിക്കോട്> ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 16-ന് ചോദ്യംചെയ്യും. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഹാജരാകേണ്ടത്. നേരത്തേ ഈ മാസം മൂന്നിന് ഹാജരാകാന് ആവശ്യപ്പെട്ടിരുന്നു. എന്നാല് സാവകാശം തേടി.
വീണ്ടും വിളിപ്പിച്ചതോടെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും ബേജാറിലാണ്. മുന് മന്ത്രി കെ ടി ജലീല് ഇഡിക്ക് തെളിവ് നല്കിയതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യുന്നത്. തെളിവുകള് ശേഖരിക്കുന്നതിന്റെ ഭാഗമായി രണ്ടുതവണ ജലീലിനെ ഇഡി വിളിപ്പിച്ചിരുന്നു.പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങള് ഇഡിക്ക് മുന്നിലുണ്ട്. സമീപകാലത്ത് ചന്ദ്രിക പത്രത്തിനായി നടത്തിയ ഭൂമി ഇടപാടുകളും അന്വേഷിക്കും. നേതാക്കളുടെ സ്വത്ത്, ഭൂമി ഇടപാടുകള് ഇവയെല്ലാം അന്വേഷണപരിധിയിലുണ്ട്.
അന്വേഷണം ചന്ദ്രികയിലെ അഴിമതിയെക്കുറിച്ച് ലീഗില് വലിയ പൊട്ടിത്തെറിയുണ്ടാക്കിയതാണ് മുഖപത്രമായ ചന്ദ്രികയിലെ അഴിമതി. ചന്ദ്രികയുടെ നാലരക്കോടി ഉപയോഗിച്ച് കോഴിക്കോട് ഭൂമി വാങ്ങിയത് വിവാദമായി. ലീഗ് ഓഫീസ് പണിയാനെന്ന പേരിലാണ് സ്ഥലം വാങ്ങിച്ചത്. ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് രണ്ടേകാല് ഏക്കര്. ബാക്കി ഉന്നത നേതാവിന്റെ മകന്റെ പേരിലും. ചന്ദ്രികയില് ജീവനക്കാര്ക്ക് ശമ്പളം നല്കാതിരിക്കുമ്പോഴാണ് കോടികള് മുടക്കിയുള്ള ഭൂമി വാങ്ങല്. ചന്ദ്രികയുമായി ബന്ധപ്പെട്ട് ചിലര് നടത്തിയ അനധികൃത സ്വത്ത് സമ്പാദനം, മറ്റ് ഇടപാടുകള് എന്നിവയെക്കുറിച്ച് ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലടക്കം ചര്ച്ചയായതാണ്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകന് മുഈന് അലിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള് ഉന്നയിച്ചു.
ഈ സാഹചര്യത്തില് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യുന്നത് ലീഗിനകത്ത് ഗ്രൂപ്പിസത്തിനും തമ്മിലടിക്കും എരിവേകും.