കോഴിക്കോട് > എംഎസ്എഫ് നേതൃത്വത്തിന്റെ ലൈംഗികാധിക്ഷേപത്തെക്കുറിച്ച് പരാതിപ്പെട്ടവരെ പൂർണമായി തഴഞ്ഞ് ഹരിതക്ക് പുതിയ കമ്മിറ്റി. പരാതിയിൽ ഒപ്പിടാത്ത പഴയ സംസ്ഥാന ട്രഷറർ പി എച്ച് ആയിഷാ ഭാനുവിനെ പ്രസിഡന്റാക്കിയാണ് പുതിയ കമ്മിറ്റി.
എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകിയ കുറ്റത്തിന് കഴിഞ്ഞ ദിവസം നിലവിലുള്ള ഹരിത സംസ്ഥാന കമ്മിറ്റി ലീഗ് പിരിച്ചുവിട്ടിരുന്നു. ഉന്നതാധികാര സമിതി ചേർന്ന് ഐകകണ്ഠ്യേനയായിരുന്നു ശിക്ഷാവിധി. പാർടി നീതി നിഷേധിച്ചതായി ഹരിത പ്രവർത്തകർ ആവർത്തിച്ച് പറയുന്നതിനിടയിലാണ് ലീഗ്സംസ്ഥാന നേതൃത്വം നിലവിലുള്ളവരെ ഒഴിവാക്കി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്.
പിരിച്ചുവിടലിനെ ഹരിത സംസ്ഥാന പ്രസിഡന്റായിരുന്നു മുഫീദ തസ്നി പരസ്യമായി വിമർശിക്കയുമുണ്ടായി. ജില്ലാ ലീഗ് കമ്മിറ്റികളുമായി കൂടിയാലോചിച്ചാണ് പുതിയ കമ്മിറ്റിയെ തീരുമാനിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം വാർത്താകുറിപ്പിൽ അറിയിച്ചു.
റുമൈസ റഫീഖാണ് (കണ്ണൂർ) പുതിയ ജനറൽ സെക്രട്ടറി. സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്), എസ് ഫായിസ (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം), വൈസ് പ്രസിഡന്റുമാർ: നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർകോട്), അയിഷ മറിയം (പാലക്കാട്), ട്രഷറർ: നയന സുരേഷ് (മലപ്പുറം) എന്നീ ഒമ്പതുപേരാണ് പുതിയഭാരവാഹികൾ.