തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സിലബസിൽ ഗോൾവാൾക്കറും സവർക്കറും ഉൾപ്പെട്ടതിൽ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർഥികൾ വിമർശനാത്മകമായി വിഷയങ്ങളെ മനസ്സിലാക്കണം. എല്ലാ അഭിപ്രായങ്ങളും വായിക്കണം. തന്റെ നിലപാട് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലല്ല,അക്കാഡമീഷ്യൻ എന്ന നിലയിലാണ്.
കണ്ണൂർ സിലബസ് വിഷയത്തിൽ പല പുസ്തകങ്ങളോടൊപ്പം തന്നെ ഗോൾവാൾക്കറുടേയും സവർക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഇവരുടെ പുസ്തകങ്ങളോടൊപ്പം തന്നെ ഗാന്ധിജി നെഹ്രു തുടങ്ങിയവരുടെ പുസ്തകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾ എല്ലാം വായിക്കണം.
ചിലർ പറയുന്നത് കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ ഈ പാഠ പുസ്തകങ്ങൾ, അധ്യാപകർ പഠിപ്പിക്കുമ്പോൾ ഇതൊക്കെ യാഥാർത്ഥ്യമാണെന്ന് വിദ്യാർത്ഥികൾ വിശ്വസിക്കും എന്നാണ്. എന്നാൽ അധ്യാപകർക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്തമുണ്ട്.
സവർക്കറും ഗോൾവാൾക്കറും പുസ്തകം എപ്പോൾ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചു കൊണ്ടിരുന്നത് എന്നതൊക്കെ മനസ്സിലാക്കി വിമർശനാത്മകമായി മനസ്സിലാക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല. ഒരു യൂണിവേഴ്സിറ്റിക്കകത്ത് കേറിക്കഴിഞ്ഞാൽ പല അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോൾ ഒരു പുസ്തകം ഒരു സർവകലാശാലയിൽ ഉണ്ടാകരുതെന്ന്പറയാനേ സാധിക്കില്ല. ആ പുസ്തകം മാത്രമായിരുന്നു സിലബസിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ അത് ശരിയല്ലായിരുന്നുവെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.
Content Highlights: Shashi tharoor mp respond Kannur university syllabus issue