ആലപ്പുഴ > ബാല്യത്തിൽ സ്കൂളിൽ കെഎസ്യുക്കാരനായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുവത്വത്തിൽ 1962 ൽ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സ്വന്തം നാടായ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ കമ്യൂണിസ്റ്റു പാർട്ടി പിന്തുണയുള്ള സ്വതന്ത്രൻ. ഒടുവിൽ മകൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബിഡിജെഎസിനു ബീജാവാപം ചെയ്തതും അദ്ദേഹം തന്നെ.
അതുപോലെ ഏതു വിഷയത്തിലും രണ്ടുവാക്കു പറയാൻ ഒരിക്കലും പിശുക്കുകാട്ടാത്ത വെള്ളാപ്പള്ളിയുടെ പ്രതികരണത്തിലെ രാഷ്ട്രീയവും ആർക്കും മുൻകൂട്ടി പറയാനാകില്ല. തന്റെ മേഖല സമുദായമാണെങ്കിലും വിഷയം രാഷ്ട്രീയമായാലും മതമായാലും സമുദായമായാലും ശതാഭിഷിക്തനാകുന്ന വെള്ളാപ്പള്ളിക്ക് പ്രതികരണമുണ്ട്. ഇതെന്താണ് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ പറയുന്നതെന്ന് കേൾവിക്കാർക്ക് തോന്നാം. അതൊന്നും അദ്ദേഹത്തിന് വിഷയമല്ല. അദ്ദേഹം പറയാനുള്ളത് വെട്ടിത്തുറന്നങ്ങ് പറയും.
വെള്ളാപ്പള്ളി കേശവന്റെയും ദേവകിയമ്മയുടെയും 12 മക്കളിൽ ഏഴാമനായി 1937 സെപ്തംബർ 10 നാണ് വെള്ളാപ്പള്ളിയുടെ ജനനം. എന്നാൽ ചിങ്ങത്തിലെ വിശാഖനാളായ ഞായറാഴ്ചയാണ് ആഘോഷം. വെള്ളാപ്പള്ളിയുടെ അഛനും കുടുംബവും കോൺഗ്രസുകാരായിരുന്നു. അതു പിൻപറ്റിയാണ് അദ്ദേഹം വിദ്യാർഥി ജീവിതകാലത്ത് കെഎസ്യുക്കാരനായത്.
താൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു നിന്നപ്പോൾ അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദൻ, കെ ആർ ഗൗരിയമ്മ, സുശീല ഗോപാലൻ, കാളിക്കുട്ടി ആശാട്ടി, തകഴി ശിവശങ്കരപിള്ള തുടങ്ങിയവർ പ്രചാരണത്തിനു വന്നിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ അനുസ്മരിച്ചിരുന്നു. സമ്പന്ന കുടുംബത്തിലെ ആളായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. സമ്പന്നനായ സ്ഥാനാർഥിക്ക് എതിരെ നേരെ നിൽക്കാൻ പോലും ഭയപ്പെടുന്ന കാലമായിരുന്നു. വോട്ടുചോദിക്കാൻ പോലും എതിർസ്ഥാനാർഥിയുടെ ആൾക്കാർ സമ്മതിച്ചില്ല. 16 വോട്ടിനു തോറ്റതോടെ അദ്ദേഹം രാഷ്ട്രീയത്തിൽനിന്ന് കളംവിട്ടു.
യുവാവായിരിക്കെ പലചരക്കുകട നടത്തിയ വെള്ളാപ്പള്ളി പിന്നീട് കരാർ പണിയിലേക്കു തിരിഞ്ഞു. ഇരുപത്തേഴാമത്തെ വയസിൽ കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പ്രസിഡന്റായി. ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നു. 1996 ജനുവരി 27ന് എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ അദ്ദേഹം അതേവർഷം നവംബർ 17നാണ് യോഗം ജനറൽ സെക്രട്ടറിയാകുന്നത്.
ശതാഭിഷകത്തിന്റെ ഭാഗമായി നടന്നുവന്ന പൂജകൾ ഞായറാഴ്ച സമാപിക്കും. കുടുംബാംഗങ്ങളോടൊത്ത് അദ്ദേഹം കേക്ക് മുറിക്കും. സാധാരണ പന്തലിട്ട് കാര്യമായി വീട്ടിൽ പിറന്നാൾ ആഘോഷം നടത്തുന്നതാണെങ്കിലും ഇത്തവണ കോവിഡ് പരിഗണിച്ച് ലളിതമാക്കി.
ക്ഷേമപദ്ധതികൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മുൻഗണന നൽകി ഒരു വർഷമാണ് ശതാഭിഷേക ആഘോഷം. വിവിധ സെമിനാറുകൾ, വിദ്യാഭ്യാസ സമ്മേളനം, ഗുരുജനങ്ങളെ ആദരിക്കൽ തുടങ്ങിയവയുണ്ടാകും. ഭാര്യ പ്രീതി നടേശനും എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ തന്നെയുണ്ട്. തുഷാറിനെ കൂടാതെ ഒരു മകളുണ്ട്: വന്ദന. മറ്റൊരു മകൻ വീനീത് രണ്ടാം വയസിൽ മരിച്ചു. മരുമക്കൾ: ശ്രീകുമാർ, ആശ.