തിരുവനന്തപുരം: കോവിഡ് വ്യാപനത്തോടെ കേരളത്തിലെ യുവജനങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നു. 15-29നും ഇടയ്ക്ക് പ്രായമുള്ളവരിൽ കോവിഡിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020-ൽ ഇതേകാലത്ത് 43 ശതമാനത്തിലെത്തി.
കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്ത് കേരളമായിരുന്നു മുന്നിൽ, 36.3 ശതമാനം. ഇപ്പോഴത്തെ നിരക്കിൽ 43.9 ശതമാനവുമായി ജമ്മുകശ്മീർ മുന്നിലുണ്ട്.
ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.) പിരിയോഡിക് ലേബർഫോഴ്സ് സർവേയുടെ 2020 ഒക്ടോബർ-ഡിസംബർ കാലത്തെ ഫലമാണിത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുന്ന സർവേയാണിത്.
കേരളത്തിൽ 15-29 വിഭാഗത്തിൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്, 55.7 ശതമാനം. യുവാക്കളിൽ 37.1 ശതമാനം. തൊഴിൽ ചെയ്യാൻ സന്നദ്ധമായിട്ടും ആഴ്ചയിൽ ഒരുദിവസം ഒരുമണിക്കൂർപോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരെയാണ് ഈ സർവേ തൊഴിലില്ലാത്തവരായി പരിഗണിക്കുന്നത്.
2020 ഒക്ടോബർ-ഡിസംബർ പാദത്തിൽ എല്ലാ പ്രായവിഭാഗങ്ങളിലുമായി കേരളത്തിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 16.7 ശതമാനത്തിലെത്തി. കോവിഡിന്റെ ഒന്നാംതരംഗത്തിൽ ഇത് 27.3 ശതമാനംവരെ കുതിച്ചുയർന്നെങ്കിലും ഇപ്പോൾ കാര്യമായ കുറവുണ്ട്. എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകശ്മീരാണ് ഏറ്റവും മുന്നിൽ.
ഗുജറാത്താണ് തൊഴിലില്ലായ്മയിൽ ഏറ്റവും പിന്നിൽ. നാലുശതമാനം മാത്രം. തമിഴ്നാട്ടിൽ 8.9-ഉം കർണാടകത്തിൽ 7.1-ഉം ശതമാനവുമാണ്. കോവിഡ് വ്യാപനത്തിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ജനുവരി-മാർച്ച് പാദത്തിൽ 16.4 ശതമാനമായും ഏപ്രിൽ-ജൂണിൽ 27.3 ശതമാനമായും കുതിച്ചുയർന്നു.