തിരുവനന്തപുരം
ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കെഎസ്ആർടിസി സ്ലീപ്പർ, സെമി സ്ലീപ്പർ ഉൾപ്പെടെ 100 പുതിയ ബസ് വാങ്ങുന്നു. കെഎസ്ആർടിസിയുടെ നവീകരണത്തിന് അനുവദിച്ച 50 കോടി രൂപയിൽനിന്ന് 44.64 കോടി ചെലവിട്ടാണ് ബസ് വാങ്ങുന്നത്. നവംബർ ഒന്നിന് ആദ്യഘട്ടം ബസുകൾ പുറത്തിറക്കും. 2022 ഫെബ്രുവരിയോടെ മുഴുവൻ ബസും എത്തും. എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എസി ബസുകളാണ് വാങ്ങുന്നത്.
ബിഎസ്–- 6 നിലവാരത്തിലുള്ളവയാണിവ. തമിഴ്നാടിനും കർണാടകയ്ക്കും ഉള്ളതുപോലെ കെഎസ്ആർടിസിക്ക് നിലവിൽ സ്ലീപ്പർ ബസുകളില്ല. 1.385 കോടി രൂപ നിരക്കിൽ 11.08 കോടി ചെലവിട്ടാണ് എട്ട് വോൾവോ സ്ലീപ്പർ ബസ് വാങ്ങുന്നത്. 47.12 ലക്ഷം രൂപ നിരക്കിൽ സെമി സ്ലീപ്പറും 33.78 ലക്ഷം നിരക്കിൽ എയർ സസ്പെൻഷൻ നോൺ എസി ബസും അശോക് ലയ്ലാൻഡിൽനിന്നാണ് വാങ്ങുക.