തിരുവനന്തപുരം> ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഞായറാഴ്ച കൊച്ചിയിൽ ചേരും. തിരുവനന്തപുരത്ത് ഭാരവാഹിയോഗവും കോർ കമ്മിറ്റിയും ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഭാരവാഹിയോഗം പെട്ടെന്ന് ഓൺലൈനിലാക്കുകയും കോർ കമ്മിറ്റി യോഗം കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ആഘോഷവും ദീൻ ദയാൽ ഉപാധ്യായ അനുസ്മരണവുംമാത്രം പ്രധാന അജൻഡയാക്കി ഓൺലൈൻ യോഗം ചുരുക്കി. പാർടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കൃഷ്ണദാസ്–-ശോഭ സുരേന്ദ്രൻ പക്ഷം ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തിലാണ് ഇത്.
എന്നാൽ, മണ്ഡലം ജില്ലാ വിഭജനവും നേതൃത്വ പുനക്രമീകരണവും മാത്രമാണ് ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്. തൊലിപ്പുറത്തെ ഈ ചികിത്സയ്ക്കെതിരാണ് മറുപക്ഷം. സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിനോട് കേരളത്തിലെ ആർഎസ്എസും യോജിക്കുന്നു. അരവിന്ദ് മേനോനെ കേരളത്തിലേക്ക് എത്തിക്കാനും ചിലർ നിർദേശം വച്ചു. പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് അരവിന്ദ്.
തെരഞ്ഞെടുപ്പ് പരാജയം പഠിച്ച അഞ്ചംഗ സമിതിമുമ്പാകെ നേതൃത്വത്തിനെതിരായ പരാതിപ്രളയമായിരുന്നു. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളും 117 നിയോജകമണ്ഡലം കമ്മിറ്റികളും സംസ്ഥാന അധ്യക്ഷൻ മാറണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കോർ കമ്മിറ്റിയിൽ ചർച്ചയാകും. പ്രഭാരി സി പി രാധാകൃഷ്ണനും പങ്കെടുക്കും.