മലപ്പുറം > നേതാക്കളുടെ ലൈംഗികാധിക്ഷേപത്തെ ചോദ്യംചെയ്തതിന് വിനിതാ വിഭാഗമായ ‘ഹരിത’ പിരിച്ചുവിട്ട മുസ്ലിംലീഗ് നടപടിക്കെതിരെ എംഎസ്എഫിലെ ഒരു വിഭാഗം രംഗത്ത്. ഉന്നതാധികാര സമിതിയുടെ നടപടി നീതീകരിക്കാനാവില്ലെന്നും നേതൃത്വത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ നേതൃത്വത്തിൽ എട്ട് ഭാരവാഹികൾ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് കത്തയച്ചു.
പ്രശ്നം പരിഹരിച്ച രീതി പൊതുസമൂഹത്തിൽ പാർടിക്കും എംഎസ്എഫിനും വലിയ അവമതിപ്പുണ്ടാക്കി. ആരോപണവിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. പാർടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാമിന്റെ പക്വതയില്ലായ്മയാണ് പരാതി വനിതാ കമീഷനിലെത്താൻ കാരണം. എംഎസ്എഫ് സംസ്ഥാന, ദേശീയ കമ്മിറ്റികൾ കൈകാര്യംചെയ്യേണ്ട വിഷയം പാർടി നേതൃത്വം ഇടപെട്ട് വഷളാക്കി. വിഷയം പഠിക്കാൻ ഉപസമിതിയുണ്ടാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
എംഎസ്എഫ് സീനിയർ വൈസ് പ്രസിഡന്റ് എ പി അബ്ദുസമദ്, ഷഫീഖ് വഴിമുക്ക്, പി പി ഷൈജൽ, കെ എം ഫവാസ്, കെ ടി റൗഫ്, കെ എം ഷിബു, ബിലാൽ റഷീദ് എന്നിവരാണ് കത്തിൽ ഒപ്പിട്ടത്. ലീഗ് നേതാക്കളായ പി വി അബ്ദുൾ വഹാബ്, എം പി അബ്ദുസമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീർ എന്നിവർക്കും കത്തിന്റെ പകർപ്പ് അയച്ചു.