കൊച്ചി > ചൂണ്ടക്കൊളുത്തും നൂലും വിഴുങ്ങിയ ‘മോമു’ എന്ന പേർഷ്യൻ പൂച്ചയ്ക്ക് ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുകിട്ടി. കുമ്പളങ്ങി സ്വദേശികളായ ശരത്തിന്റെയും സോനയുടെയും വളർത്തുപൂച്ചയ്ക്കാണ് ജില്ലാ വെറ്ററിനറി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞയാഴ്ച ശരത്തിന്റെയും സോനയുടെയുംകൂടെ പുഴയോരത്ത് നടക്കുന്നതിനിടെയാണ് ചെറുമീനിനെ വിഴുങ്ങിയത്. ചൂണ്ടക്കാർ ഉപേക്ഷിച്ച ആ മീനിൽ സ്റ്റീലിന്റെ കൊളുത്തും നൂലുമുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നൂല് വലിഞ്ഞ് കൊളുത്ത് കുടലിൽ തുളച്ചുകയറി. പൂച്ചയെയുംകൊണ്ട് ശരത് ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തി. എക്സ്റേയും സ്കാനിങ്ങും നടത്തിയപ്പോൾ കൊളുത്ത് ചെറുകുടലിന്റെ ആദ്യഭാഗത്ത് തറച്ചിരിക്കുന്നത് കണ്ടെത്തി. നൂൽ പുറമെനിന്ന് വലിഞ്ഞതിന്റെ ഭാഗമായി കുടലിൽ മുറിവുകളും നീരുമുണ്ടായിരുന്നു.
ജില്ലാ വെറ്ററിനറി കേന്ദ്രം മേധാവി ഡോ. ഇന്ദിര, ഡോ. ലത്തീഫ്, ഡോ. പാർവതി, ഡോ. ആനന്ദ് എന്നിവർ ചേർന്ന് ശസ്ത്രക്രിയയിലൂടെ കൊളുത്തും നൂലും പുറത്തെടുത്തു. കുടലിലെ മുറിവുകൾ തുന്നിച്ചേർത്തു. ഓപ്പറേഷനും അഞ്ചുദിവസത്തെ മരുന്നും കഴിഞ്ഞപ്പോഴേക്കും ‘മോമു’ വീണ്ടും സവാരിക്ക് തയ്യാർ.