കോഴിക്കോട് > നിപാ ബാധിച്ച് മുഹമ്മദ് ഹാഷിം മരിച്ച ചാത്തമംഗലത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെയും ആടുകളിലെയും സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. കാട്ടുപന്നിയുടേതടക്കം സാമ്പിൾ പരിശോധനാഫലങ്ങൾ ഇനിയും വരാനുണ്ട്.
റമ്പൂട്ടാൻ സാമ്പിൾ പരിശോധനാ ഫലവും വരാനുണ്ട്. ആറ് ചത്ത വവ്വാലുകളും വവ്വാലുകളുടെ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകൾ കടിച്ച റമ്പൂട്ടാൻ പഴവുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് അയച്ചത്.