ഫോണ്‍ ചോര്‍ത്തലും നിയമവും
കുറ്റകൃത്യത്തില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തര സെക്രട്ടറിക്ക് പൊലീസ് അപേക്ഷ നല്‍കണമെന്നാണ് ഇന്ത്യന്‍ ടെലഗ്രാഫിക് ആക്ട് (1885) പറയുന്നത്. അനുമതി ലഭിച്ചാല്‍ ഫോണ്‍ ചോര്‍ത്താം. എന്നാല്‍, പുതിയ കരട് നിയമപ്രകാരം പൊലീസിന് വളരെ എളുപ്പത്തില്‍ ഫോണ്‍ ചോര്‍ത്താം. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഫോണ്‍ ചോര്‍ത്തി 48 മണിക്കൂറിനുള്ളില്‍ എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അനുമതി നല്‍കിയാല്‍ മതിയാവും.
രാജ്യസുരക്ഷക്കും താല്‍പര്യത്തിനും എതിരായ അടിയന്തിര സാഹചര്യങ്ങളുണ്ടെന്ന് യുക്തിഭദ്രമായി തോന്നിയാല്‍ മാത്രമേ ഉദ്യോഗസ്ഥന്‍ അനുമതി നല്‍കാവൂ. മേലുദ്യോഗസ്ഥന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ചോര്‍ത്തല്‍ ഉടന്‍ നിര്‍ത്തണം. ചോര്‍ത്തുന്ന വിവരങ്ങള്‍ ആരോപണവിധേയന് എതിരെ കോടതികള്‍ തെളിവായി സ്വീകരിക്കും. അതിനാല്‍ ചോര്‍ത്തിയ സംഭാഷണങ്ങളും സന്ദേശങ്ങളും എഡിറ്റ് ചെയ്യാതെ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.
പൊലീസ് കസ്റ്റഡിയിലെ കുറ്റസമ്മതം
പൊലീസ് കസ്റ്റഡിയില്‍ ആരോപണ വിധേയര്‍ നല്‍കുന്ന മൊഴി അവര്‍ക്കെതിരെ തെളിവായി ഉപയോഗിക്കരുതെന്നാണ് ഇന്ത്യന്‍ തെളിവ് നിയമത്തിലെ 25ാം വകുപ്പ് പറയുന്നത്. കസ്റ്റഡിയില്‍ കുറ്റാരോപിതര്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരാമെന്നതിനാലാണ് നിയമം ഈ സുരക്ഷ നല്‍കുന്നത്. പക്ഷെ, കൊക്കാക്കയില്‍ ഇത്തരം മൊഴികള്‍ തെളിവാകും.
എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് മുന്നില്‍ ആരോപണ വിധേയന്‍ നടത്തുന്ന കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കാമെന്നാണ് കരട് നിയമം പറയുന്നത്. മൊഴി നല്‍കാന്‍ ആരോപണ വിധേയന് നിയമപരമായ ബാധ്യതയില്ലെന്നും എതിരായി ഉപയോഗിക്കപ്പെട്ടേക്കാമെന്നും അദ്യം തന്നെ ബോധ്യപ്പെടുത്തണം. അതിന് ശേഷമേ മൊഴി രേഖപ്പെടുത്താവൂ. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ ആരോപണവിധേയന്റെ മാതൃഭാഷയില്‍ വേണം മൊഴി രേഖപ്പെടുത്താന്‍.
കൊക്കാക്ക കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിക്കു വേണമെങ്കില്‍ രഹസ്യ വിചാരണയും നടത്താം. കൂടാതെ കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കാനും കഴിയും. സാക്ഷികള്‍ക്കും പ്രോസിക്യൂട്ടര്‍ക്കും ഇതിനായി പ്രത്യേക അപേക്ഷ നല്‍കാം.
ശിക്ഷ
സംഘടിത കുറ്റകൃത്യങ്ങള്‍ മരണകാരണമായിട്ടുണ്ടെങ്കില്‍ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ നല്‍കാമെന്നാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഒരു ലക്ഷം രൂപ പിഴയും ഈടാക്കാം. മറ്റു സംഘടിത കുറ്റകൃത്യങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷം തടവിനും രണ്ടു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കാം. പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിക്കുകയും രഹസ്യങ്ങള്‍ ഒളിച്ചുവെക്കുകയും ചെയ്യുന്നവരെയും അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കാം. പിഴ സംഖ്യ അഞ്ച് ലക്ഷം വരെയാവാം. അന്വേഷണ കാലയളവില്‍ ആരോപണ വിധേയന്റെ സ്വത്ത് കണ്ടുകെട്ടാനും നിയമം പൊലീസിന് അധികാരം നല്‍കുന്നു.
നിയമം വന്ന വഴി
കേരളത്തില്‍ സംഘടിത കുറ്റകൃത്യം വ്യാപകമാവുന്നുവെന്ന വിലയിരുത്തലില്‍ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിയമത്തിന് വേണ്ടി മുന്നിട്ടിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ അനുമതിയും നല്‍കി. കരട് ബില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനായ സമിതി പരിശോധിക്കും.
****
(Compiled by അനീബ് പി.എ)