കൊല്ലം
ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ബിഎഎംഎസ് വിദ്യാർഥിനിയും കൊല്ലം നിലമേൽ കൈതോട് സ്വദേശിയുമായ വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രം. 2419 പേജുള്ള കുറ്റപത്രം ആത്മഹത്യാ പ്രതിരോധ ദിനമായ വെള്ളിയാഴ്ച പകൽ രണ്ടിന് ശാസ്താംകോട്ട ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. 102 സാക്ഷിയും 98 രേഖയും 56 തൊണ്ടിമുതലുമുള്ള കുറ്റപത്രം 80–-ാം ദിവസമാണ് സമർപ്പിച്ചത്.
വിസ്മയയുടെ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായിരുന്ന കൊല്ലം പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസം വീട്ടിൽ കിരൺകുമാർ മാത്രമാണ് പ്രതി. സ്ത്രീധനപീഡന മരണം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പ് കൂടാതെ സ്ത്രീധന നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പും ചുമത്തിയിട്ടുണ്ട്. സ്രീധന പീഡന മരണത്തിന് ജീവപര്യന്തവും, ഗാർഹിക പീഡനത്തിന് മൂന്നുവർഷം തടവും, ആത്മഹത്യാ പ്രേരണയ്ക്ക് 10 വർഷം തടവും ലഭിക്കാം.
ജൂൺ 21ന് പുലർച്ചെയാണ് വിസ്മയയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22ന് ശൂരനാട് പൊലീസ് കിരണിനെ അറസ്റ്റ് ചെയ്തു. തുടർന്ന് സർക്കാർ ഇടപെട്ട് ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പ്രതീക്ഷിച്ച സ്ത്രീധനം ലഭിച്ചില്ലെന്ന കാരണത്തിന് ഇയാൾ വിസ്മയയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിന് കുറ്റപത്രത്തിൽ തെളിവുണ്ട്. സ്ത്രീധനം കിട്ടിയ കാറിന്റെ പേരിലായിരുന്നു കൂടുതൽ പീഡനം. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും പീഡനം തുടർന്നു. സംഭവദിവസം രാത്രി കുളിമുറിയിൽ കയറിയ വിസ്മയയെ ഏറെനേരം കാണാതായിട്ടും കിരൺ അന്വേഷിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. ഐജി ഹർഷിത അട്ടല്ലൂരി, കൊല്ലം റൂറൽ എസ്പി കെ ബി രവി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഡിവൈഎസ്പി പി രാജ്കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.