തിരുവനന്തപുരം
അവസാന വർഷ ബിരുദ–-ബിരുദാനന്തര ക്ലാസുകൾ ആരംഭിക്കുമ്പോൾ ഓരോ ബാച്ചിനും അഞ്ചുമണിക്കൂർ ക്ലാസ് ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പുതിയ ഉത്തരവുകൂടി ഇറക്കും. കോളേജ് തുറക്കുന്നത് ചർച്ച ചെയ്യാനുള്ള പ്രിൻസിപ്പൽമാരുടെ യോഗത്തിനുശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
അവസാനവർഷ വിദ്യാർഥികൾക്കായി എല്ലാകോളേജുകളും ഒക്ടോബർ നാലുമുതൽ തുറക്കും. ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസ്. അധ്യാപകർ ദിവസവും എത്തണം. മേധാവികൾക്കും കോളേജ് കൗൺസിലിനും സൗകര്യപ്പെടുന്ന ഷിഫ്റ്റ് തീരുമാനിക്കാം. പിജി ക്ലാസുകളിൽ ദിവസവും ക്ലാസ് ആകാം.
കോളേജുകളും സർവകലാശാലകളും കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷൻ ഡ്രൈവ് തുടങ്ങും. വാക്സിനെടുക്കാത്തവരുടെ കണക്കെടുക്കും. എല്ലാ ക്യാമ്പസുകളിലും കോവിഡ് ജാഗ്രതാ സമിതികൾ രൂപീകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും. വിദ്യാർഥികൾക്ക് ആദ്യ ദിവസങ്ങളിൽ പരിശീലനം നൽകും. സിഎഫ്എൽടിസികളാക്കിയ കോളേജുകൾ തിരികെ ആവശ്യപ്പെടും. സെക്ടറൽ മജിസ്ട്രേട്ടുമാരായ അധ്യാപകരെ അതിൽനിന്ന് ഒഴിവാക്കും. കേടുവന്ന ലാബ് സജ്ജമാക്കും. ക്ലാസ് മുറികളും ലൈബ്രറികളും ചുറ്റുപാടും ശുചീകരിക്കും. പൊതുഗതാഗതം, ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കും. മറ്റ് സെമസ്റ്റർ ക്ലാസുകൾ തുടങ്ങുന്നത് പിന്നീട് തീരുമാനിക്കും. നാനൂറോളം പ്രിൻസിപ്പൽമാരും ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഡോ. വി വേണുവും പങ്കെടുത്തു.