പറവൂർ > അച്ഛനും അമ്മയും കുട്ടിയുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനുസമീപം മിൽസ് റോഡ് വട്ടപ്പറമ്പത്ത് സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ടു മുറികളിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.
ഇവർക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട്ടുവീട്ടിൽ ആക്കിയശേഷം സുനിലും കുടുംബവും വ്യാഴാഴ്ച കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടിൽ പോയിരുന്നു. രാത്രി പതിനൊന്നരയോടെയാണ് തിരിച്ചെത്തിയത്. ഇക്കാര്യം തറവാട്ടിൽ അറിയിക്കുകയും വെള്ളിയാഴ്ച രാവിലെ എത്തി അമ്മയെ കൊണ്ടുവരാമെന്നു പറയുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച സുനിൽ തറവാട്ടിൽ എത്തിയില്ല. ഇരുവരുടെയും ഫോണിൽ വിളിച്ചിട്ടും എടുത്തില്ല.
അമ്മയുടെ സഹോദരൻ സജീവ് വൈകിട്ട് 4.30ന് വീട്ടിലെത്തി കോളിങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മുൻവശത്തെ വാതിൽ അടച്ചിരുന്നെങ്കിലും അകത്തുനിന്നു കുറ്റി ഇട്ടിരുന്നില്ല. വാതിൽ തുറന്ന സജീവ് കണ്ടത് സുനിൽ തൂങ്ങിനിൽക്കുന്നതാണ്. ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞു പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. കുട്ടിയുടെ കഴുത്തിൽ കരുവാളിച്ച പാടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും. അബുദാബിയിൽ ലിഫ്റ്റ് ടെക്നീഷ്യനായിരുന്ന സുനിൽ കോവിഡിനെ തുടർന്നാണ് നാട്ടിൽ എത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കൃഷ്ണേന്ദു വീട്ടമ്മയാണ്.