കോഴിക്കോട് > നിപാ വൈറസിന്റെ ഉറവിടംതേടിയുള്ള പരിശോധനകളുടെ ഭാഗമായി വവ്വാലുകളെ പിടികൂടാൻ ആവാസ കേന്ദ്രത്തിൽ വലവിരിച്ചു. പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘത്തിന്റെ സാന്നിധ്യത്തിൽ വനംവകുപ്പ് ജീവനക്കാർ ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് വലകെട്ടിയത്.
വലകളിൽ കുടുങ്ങിയവയിൽനിന്ന് സാമ്പിൾ ശേഖരിക്കും. നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടുപരിസരവും വവ്വാലുകളുടെ ആവാസമേഖലയും സംഘം പരിശോധിച്ചു. ചേന്ദമംഗലൂരിലും കൊടിയത്തൂരിലും വവ്വാലുകൾ പറക്കുന്ന പാത മനസ്സിലാക്കിയിട്ടുണ്ട്. എൻഐവി ബാറ്റ് സർവേസംഘം തലവൻ ഡോ. മംഗേഷ് ഗോഖലെ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ, അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ ഡോ. അജേഷ് മോഹൻദാസ്, ഡോ. അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കാട്ടുപന്നിയെ പോസ്റ്റ്മോർട്ടം നടത്തി സ്രവം ശേഖരിച്ചു. വ്യാഴം രാത്രി മാവൂർ അരങ്കോട് കരിമലയിൽ വെടിവെച്ച് കൊന്ന കാട്ടുപന്നിയിൽനിന്നാണ് സ്രവമെടുത്തത്. ഡോ. അരുൺ സഖറിയ, ഡോ. അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളി പകൽ 12ന് ആരംഭിച്ച പോസ്റ്റ്മോർട്ടം ഒരു മണിക്കൂർ നീണ്ടു. ആന്തരികാവയവങ്ങളുടെയും രക്തത്തിന്റെയും സാമ്പിൾ മൃഗസംരക്ഷണ വകുപ്പിന് കൈമാറി. ഇത് ഭോപാലിലെ ലാബിലെത്തിച്ച് പരിശോധിക്കും. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ കെ ബേബി, ഡോ. നിഷ എബ്രഹാം, അമൂല്യ എന്നിവരും പങ്കെടുത്തു.