തിരുവനന്തപുരം: കെ ടി ജലീലിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെ തള്ളിയിട്ടില്ലെന്നും ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി തുടരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ട്. ഈ പറഞ്ഞ പ്രത്യേക ബാങ്കിന്റെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി അത് സ്റ്റേ കൊണ്ടാണ് തുടരാൻ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. ഇ ഡി വരേണ്ട സാഹചര്യം ഒരുക്കേണ്ടകതുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ ഇ ഡി വരിക എന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കെടി ജലീൽ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിയുടെ മുമ്പിൽ ഉന്നയിച്ചിട്ടില്ല. ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇഡിയുടെ മുമ്പിൽ ഉന്നയിച്ചിരിക്കുന്നതെന്ന് ജലീൽ വ്യക്തമാക്കിയതാണ്.
ഇതിന്റെ കാര്യത്തിൽ ജലീലിനെ സിപിഎം തള്ളി എന്ന പ്രചരണം കണ്ടു. എന്നാൽ ജലീൽ നല്ലൊരു ഇടത് സഹയാത്രികൻ ആയിത്തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലീഗിനോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാകില്ലെന്നും കെ ടി ജലീൽ വ്യക്തി വിരോധം തീർക്കുന്നു എന്ന് ആരു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്താമാക്കി.
content higlights: CM said that KT Jaleel will continue to be a good leftist