” എന്റെദേഹമെല്ലാം വിറയ്ക്കുകയായിരുന്നു. പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. നാട്ടിലെല്ലാം വെച്ച് കണ്ടിട്ടുള്ളതാണ് ആ പെൺകുട്ടിയെ. പക്ഷേ, രക്ഷിച്ച് കരയ്ക്ക് എത്തിച്ചതോടെ ഞാനും ആ പെൺകുട്ടിയും കൂടിയാണ് ചാടിയത് എന്ന രീതിയിൽ സംസാരമായി. അതോടെ ആകെ പേടിച്ച് പോയി. നാട്ടിൽ വന്നപ്പോൾ ആളുകൾ ചോദിച്ചു നീയും ഏത് പെൺകുട്ടിയും കൂടിയാണ് ആറ്റിൽ ചാടിയതെന്ന്. പിന്നെ പത്രത്തിൽ വാർത്ത വന്നപ്പോഴാണ് ആളുകൾ സംഭവമെല്ലാം അറിയുന്നത്” – പ്രായിക്കരപ്പാലത്തിൽനിന്നു അച്ചൻകോവിലാറ്റിലേക്കു ചാടിയ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ അനൂപ് സിദ്ധാർഥന്റെ വാക്കുകളിൽ ആശ്വാസം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ഉളുന്തി പെട്ടിക്കൽ വടക്കതിൽ അനൂപ്, ജീവൻപോലും വകവെയ്ക്കാതെ ആറ്റിലേക്കു ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റായ അനൂപ്, കേബിൾ നെറ്റ്വർക്ക്ജീവനക്കാരനാണ്. രക്ഷാപ്രവർത്തനത്തിനിടെ പോക്കറ്റിലുണ്ടായിരുന്ന ഫോണും നഷ്ടപ്പെട്ടു. ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ തലേന്ന് ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയ അനൂപ് സംഭവത്തേക്കുറിച്ച്മാതൃഭൂമി ഡോട്ട് കോമിനോട് വിവരിക്കുന്നു….
ഇറങ്ങി ഓടുന്നത് കണ്ടപ്പോൾ തന്നെ കാര്യം മനസിലായി
വണ്ടിയുടെ പെട്രോൾ തീർന്നിട്ട് മാവേലിക്കര പമ്പിൽ നിന്ന് പെട്രോളും വാങ്ങി വരികയായിരുന്നു. വരുന്ന വഴിക്ക് കൂട്ടുകാരെ കണ്ട് അവരുമായി സംസാരിച്ചുകൊണ്ടാണ് പ്രായിക്കരപ്പാലത്തിന് സമീപത്തേക്ക് എത്തിയത്. പാലത്തിലേക്ക് കയറാൻ പോകുമ്പോഴാണ് ഒരു വണ്ടി നിർത്തി ഒരു പെൺകുട്ടി പിറകിലേക്ക് വരുന്നത് കണ്ടത്. അവർ മാന്നാർ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി. ഞാൻ അപ്പോൾ തന്നെ കൂട്ടുകാരോട് പറഞ്ഞു ഇത് ചാടാനാണെന്ന് തോനുന്നു എന്ന്.
പെൺകുട്ടി ഓടിവന്ന് പാലത്തിൽനിന്ന് എടുത്തു ചാടി. ഞാൻ നേരെ വണ്ടികൊണ്ടുവന്ന് അവർ ചാടിയതിന് സമീപം നിർത്തി. പ്രായമുള്ള ഒരു സ്ത്രീയും ബന്ധുവായ ഒരാളുമാണ് അവർക്ക് ഒപ്പമുണ്ടായിരുന്നത്. അവർക്ക് രണ്ടാൾക്കും നീന്തൽ അറിയില്ലായിരുന്നു. എന്റെ ഒപ്പമുള്ളവർക്കും നീന്തൽ അറിയില്ല. എന്തെങ്കിലും ചെയ്യൂ എന്നവർ പറഞ്ഞു. പെട്ടന്ന് താഴേക്ക് നേക്കിയപ്പോൾ പില്ലറുകൾ ഒന്നുമില്ല. അത്യാവശ്യം വെള്ളവുമുണ്ട്. നേരെ എടുത്ത് ചാടി.
പെട്ടന്ന് ചാടിയത് കൊണ്ടാണ് രക്ഷിക്കാൻ പറ്റിയത്
എനിക്ക് നീന്തൽ അറിയാവുന്നതാണ്. മുമ്പും പാലത്തിൽ നിന്നൊക്കെ ചാടിയിട്ടുണ്ട്. ആ ധൈര്യത്തിൽ ചാടിയതാണ്. പക്ഷേ താഴെ കല്ലും മറ്റും ഉണ്ടായിരുന്നു. ആറ്റിൽ അത്യാവശ്യം വെള്ളവും ഒഴുക്കും ഉള്ളതുകൊണ്ടാണ് കുഴപ്പം ഉണ്ടാകാതിരുന്നത്. പെൺകുട്ടിക്ക് തൊട്ടുപിന്നാലെ തന്നെ ചാടാൻ കഴിഞ്ഞതുകൊണ്ടാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. അല്ലെങ്കിൽ അവർ താണു പോയേനെ, അത്യാവശ്യം അടിയൊഴുക്കുള്ള സമയമാണ്. പെട്ടന്ന് ചാടിയത് കൊണ്ടാണ് രക്ഷിക്കാൻ പറ്റിയത്, അല്ലെങ്കിൽ…
പെൺകുട്ടിക്ക് അത്യാവശ്യം നീന്തൽ അറിയാവുന്നതാണ്. പക്ഷേ, വെപ്രാളത്തിൽ കൈയും കാലും ഇട്ടടിച്ചെങ്കിലും പിന്നെ വെള്ളത്തിലേക്ക് താണുപോയി. ചാടിയശേഷം വെള്ളത്തിൽ വീണ് പൊങ്ങി വന്നപ്പോൽ പെൺകുട്ടിയെ കണ്ടു. ഇതോടെ പിടിത്തം കിട്ടി. പിന്നാലെ പെൺകുട്ടിയേയും പിടിച്ചുകൊണ്ട് കരയിൽ കയറി. കരയിൽ നിന്ന സ്ത്രീകളാണ് പെൺകുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയത്. വലിയ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഉയരത്തിൽ നിന്ന് നെഞ്ചും പുറവും അടിച്ചു വീണതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വീഴ്ച്ചയിൽ എന്റെ ഫോണും പോയി.
സത്യത്തിൽ ഞാൻ വിരണ്ടുപോയി
പെൺകുട്ടിയെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചപ്പോൾ ആ പെണ്ണും കൂടിയാണ് ചാടിയത് എന്ന രീതിയിൽ സംസാരമായി. ആളുകൾ കൂടുകയും എല്ലാവരും ചീത്ത വിളിക്കുകയും ചെയ്തപ്പോൾ ഞാനും പേടിച്ചുപോയി. എന്റെ കൂട്ടുകാരും പേടിച്ചു. താഴെ നിൽക്കുന്നവർ നോക്കുമ്പോൾ ഒരു പെണ്ണ് ചാടുന്നു. പിന്നാലെ ഒരു ചെറുക്കൻ ചാടുന്നു. ഞങ്ങൾ രണ്ടാളും കൂടെയാണ് ചാടിയതെന്ന് പറഞ്ഞ് അവരെന്നെ ചീത്തവിളിച്ചു.
നാട്ടിൽ വന്നപ്പോഴും ആളുകൾ ചോദിച്ചു നീയും ഏത് പെണ്ണും കൂടിയാണ് ആറ്റിൽ ചാടിയതെന്ന്. പാലത്തിൽ നിന്ന് പെണ്ണും ചെറുക്കനും കൂടെ ആത്മഹത്യ ചെയ്യാൻ ചാടി എന്നെല്ലാമായിരുന്നു നാട്ടിൽ സംസാരം. ഇന്ന് രാവിലെ പത്രത്തിൽ വന്നപ്പോഴാണ് എല്ലാവരും സംഭവമെല്ലാം അറിയുന്നത്. അതുവരെ പല കഥകളെല്ലാം ആയിരുന്നു. ഇപ്പോൽ സംഭവം അറിഞ്ഞതോടെ ഒരു പാട് പേർ വളിക്കുന്നുണ്ട്. മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ വിളിച്ചു, ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ വിളിച്ചു. പഞ്ചായത്തിൽ നിന്ന് ആളുകൾ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്.
Content Highlights:Young man share the story who rescued girl who jumped into the river