തിരുവനന്തപുരം: മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ മക്കളെയും ചേർത്തുപിടിച്ചിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട് സജിത. കിട്ടുന്ന പണമെല്ലാം കൂട്ടിവെച്ച് സ്വന്തമായൊരു വീട് വയ്ക്കുമ്പോൾ മഴയെയും വെയിലിനെയും പേടിക്കാതെ തലചായ്ക്കാനാകുമെന്ന ആശ്വാസമായിരുന്നു. അത്രയും ആശിച്ചുവച്ച വീട്ടിൽ ഒരു ദിവസംപോലും അന്തിയുറങ്ങാനാകാതെയാണ് സജിത യാത്രയായത്.
വീടിന്റെ പാലുകാച്ചിന് തലേദിവസമാണ് കുന്നുകുഴി ബാർട്ടൺഹിൽ കോളനിയിലെ ടി.സി. 12/1016 ൽ സജിതകുമാരി(49) ഷോക്കേറ്റു മരിച്ചത്. പാലുകാച്ചലിനു മുൻപായി വീട് വൃത്തിയാക്കാൻ എത്തിയതായിരുന്നു സജിത. പണിയുടെ ഭാഗമായി തറയിൽ കിടന്ന ഇലക്ട്രിക് വയറിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ് ചോർന്നൊലിക്കുന്ന പഴയ വീട്ടിൽനിന്നു മാസങ്ങൾക്കു മുമ്പാണ് സജിതയും മക്കളായ മിഥുനും മൃദുലും വാടകവീട്ടിലേക്ക് മാറിയത്.
ഇതിനിടയിൽ സജിതയുടെ ഭർത്താവിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് നിർമാണവും ആരംഭിച്ചു. ജോലിചെയ്ത് പണം കിട്ടുന്ന മുറയ്ക്കായിരുന്നു വീട് പണി. പകുതി ജോലിയും ചെയ്തത് അമ്മയും മക്കളും ചേർന്നാണ്. ഒരു മരുന്ന് കമ്പനിയിൽ റപ്രസെന്റേറ്റീവാണ് മിഥുൻ. മൃദുൽ കൂലിപ്പണിക്കാരനാണ്.
വാടകവീടൊഴിയാൻ നേരമായതുകൊണ്ടാണ് പണി പൂർത്തിയായില്ലെങ്കിലും പുതിയ വീട്ടിലേക്കു താമസം മാറാൻ തീരുമാനിച്ചത്. അമ്മയും മക്കളും മാത്രമായി പാലുകാച്ചൽ നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. രണ്ട് മുറികളുള്ള, ആസ്ബറ്റോസ് ഷീറ്റിട്ട, ടോയ്ലറ്റ് സൗകര്യമില്ലാത്ത, ഹോളോബ്രിക്സ് കട്ടകൊണ്ടുള്ള ചെറിയ വീടാണ് നിർമിച്ചതും. പതിയെ പണികൾ പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടയിൽ രോഗങ്ങളും സജിതയെ വലച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. സ്ട്രോക്ക് വന്ന് വർഷങ്ങളോളം കിടപ്പിലുമായിരുന്നു.
എല്ലാ ദുരിതങ്ങൾക്കിടയിലും സ്വന്തമായൊരു വീടായിരുന്നു സ്വപ്നം. ആ സ്വപ്നത്തിലേക്ക് ഒരു പകലും രാത്രിയും മാത്രം ദൂരമുള്ളപ്പോഴാണ് മടക്കം.
Content Highlights:Housewife dies from electric shock day before housewarming in thiruvananthapuram