തിരുവനന്തപുരം> സ്ത്രീധന പീഡനമടക്കം കുടുംബകോടതികളിലെത്തുന്ന കേസുകൾ ഇരട്ടിച്ചു. കോവിഡ് കാലത്തും പരാതികൾ വർധിച്ചു, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പെരുകി.
ഈ വർഷം മെയ്വരെ മാത്രം 22,472 കേസാണ് കുടുംബ കോടതികളിലെത്തിയത്. 2016–-2019 കാലത്ത് പ്രതിവർഷം അരലക്ഷത്തിലധികം കേസാണ് തീർപ്പാക്കിയത്. എന്നിട്ടും, കേരളത്തിലെ 28 കുടുംബ കോടതിയിലായി കെട്ടിക്കിടക്കുന്നത് 1.06 ലക്ഷം കേസ്. 2020 ലും (7589) 2021 ൽ മെയ്വരെയും (3400) ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണെന്നും അജയ് കുമാർ പ്ലാവോടിന് വിവരാവകാശ പ്രകാരം കിട്ടിയ രേഖയിൽ പറഞ്ഞു.
പരാതിപ്പെടാൻ മുന്നോട്ടുവരുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് നിയമവാഴ്ചയിലുള്ള വിശ്വാസവും ബോധവൽക്കരണത്തിന്റെ ഫലവുമാണെന്ന് വിലയിരുത്തപ്പെടുന്നു.
ശരാശരി 5000 കേസാണ് പ്രതിവര്ഷം തീർപ്പാകാതെ വരാറുള്ളത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ അത് വൻതോതിലായി. സ്ത്രീധന തർക്കം, ഭർത്താവിന്റെ മാതാപിതാക്കളുമായുള്ള വിയോജിപ്പ്, മർദനമുൾപ്പെടെയുള്ള പീഡനങ്ങൾ തുടങ്ങി പലവിധ കാരണങ്ങളുമായി കോടതിയിലെത്തുന്നവർ ഏറെയാണെന്ന് കുടുംബ കോടതിയിലെ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
കുടുംബ കോടതികളിൽ എത്തിയ കേസുകളും തീർപ്പായവയും കെട്ടിക്കിടക്കുന്നതും:
2010 –- 37544 31365 36309 ( മുൻവർഷത്തേതുൾപ്പെടെ )
2011 –- 42436 34914 43831
2012 –- 44982 40499 48314
2013 –- 56474 54215 50573
2014 –- 49730 47762 52541
2015 –- 51153 48968 54726
2016 –- 53208 50013 57921
2017 –- 56200 52151 61970
2018 –- 60137 51937 70170
2019 –- 60475 53318 77327
2020 –- 47839 24687 100479
2021 –- 22472 (മെയ് വരെ ) 16848 106103