കൊച്ചി> വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സെസിയുടെ മുൻകൂർ ജാമ്യഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പ്രതിക്ക് 2019 മുതൽ ബാർ അസോസിയേഷൻ മെമ്പർഷിപ്പുണ്ട്. ലൈബ്രേറിയനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. മെമ്പർഷിപ് രേഖകൾ കാണാനില്ല. ക്രിമിനൽ കേസുകളിൽ ഹാജരായ പ്രതി, അഞ്ചു കേസുകളിൽ കമീഷണറായിപോയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തു. മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നും ആരോപണമുണ്ട്. കോടതി നിർദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷക ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി.