തിരുവനന്തപുരം
സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും ഭൂമി സംബന്ധിച്ച പൂർണ വിവരം ഡിജിറ്റൽ ലോക്കറിലൂടെയോ ഡിജിറ്റൽ കാർഡിലൂടെയോ വില്ലേജ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെയോ നൽകുന്നത് സർക്കാർ ആലോചിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതു യാഥാർഥ്യമായാൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിൽ പോകേണ്ട സാഹചര്യം ഒഴിവാകും. റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾ നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭൂനികുതി ഒടുക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്എംബി സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഓൺലൈൻ മൊഡ്യൂൾ, 1666 വില്ലേജ് ഓഫീസിന്റെ വെബ്സൈറ്റ്, നവീകരിച്ച ഇ- പെയ്മെന്റ് പോർട്ടൽ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
ചടങ്ങിൽ മന്ത്രിമാരായ പി പ്രസാദ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ പാളയം രാജൻ, റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാൻഡ് റവന്യൂ കമീഷണർ കെ ബിജു, കലക്ടർ നവ്ജ്യോത് ഖോസ എന്നിവർ പങ്കെടുത്തു. മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ഓൺലൈനായും പങ്കെടുത്തു.
പുതിയ ഡിജിറ്റൽ സേവനങ്ങൾ
● ഭൂനികുതി മൊബൈൽ
ആപ്പിലൂടെ അടയ്ക്കാം
മൊബൈൽ ഫോണിൽ ഇ പെയ്മെന്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഭൂനികുതി അടയ്ക്കാം. വർഷം അടയ്ക്കേണ്ട നികുതി എസ്എംഎസ് വഴി അറിയിപ്പ് നൽകും.രസീത് ഏതു സമയത്തും ഡൗൺലോഡ് ചെയ്യാം. നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളിലൂടെ പണം അടയ്ക്കാം.
● ഭൂരേഖകൾക്ക്
ഓഫീസിൽ പോകേണ്ട
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഫീൽഡ് മെഷർമെന്റ് സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓൺലൈനിൽ. സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഡൗൺലോഡുംചെയ്യാം.
● ഭൂമി തരംമാറ്റം സുതാര്യം
ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ ഓൺലൈനിൽ. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും അപാകം ഓൺലൈനായി പരിഹരിക്കാനുമാകും.
● ഡിജിറ്റ സേഷൻ
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേർ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ റീസർവേ, ഭൂമി ഏറ്റെടുക്കൽ എന്നിവയുടെ വേഗം വർധിക്കും. കോടതി, ബാങ്കുകൾ എന്നിവയ്ക്ക് ഡാറ്റ നൽകാനാകും.
● എല്ലാ വില്ലേജ്
ഓഫീസിനും വെബ്സൈറ്റ്
വില്ലേജുകളുടെ അടിസ്ഥാന വിവരങ്ങൾ, ഭൂമി വിവരങ്ങൾ, ഇൻഫർമേഷൻ മാനേജ്മെന്റ് എന്നിവയെല്ലാം ഉൾപ്പെടുത്തി വെബ്സൈറ്റുകൾ. പ്രാദേശിക വിവരങ്ങൾ കണ്ടെത്താനും സർട്ടിഫൈ ചെയ്ത ഭൂരേഖകൾ കാണാനുമാകും.
● ക്വിക് പേ
റവന്യൂ വകുപ്പിന്റെ ഇ സർവീസ് പോർട്ടൽ നവീകരിച്ച് ക്വിക്പേ സംവിധാനം. നികുതികളും വിവിധ ഫീസുകളും പ്രയാസമില്ലാതെ അടയ്ക്കാം.
● രോഗികൾക്കുള്ള
പെൻഷൻ വീട്ടിലെത്തും
അർബുദം, കുഷ്ഠം, ക്ഷയം രോഗികൾക്കുള്ള പെൻഷൻ ഓൺലൈനായി എത്തും. പെൻഷന് ഓൺലൈനായി അപേക്ഷിക്കാനുമാകും.
● ആപ് ഡൗൺലോഡ്
ചെയ്യാം
റവന്യൂ വകുപ്പിന്റെ വെബ്സൈറ്റിൽ (www.revenue.kerala.gov.in) കയറി മെനുവിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് മൊബൈൽ ആപ്പ് എന്ന ഓപ്ഷനുണ്ടാകും.