മലപ്പുറം: കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല ഇതരമതസ്ഥരെ മയക്കുമരുന്ന് നൽകി വലയിലാക്കുന്ന നാർക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരേ സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സത്താർ പന്തല്ലൂർ. ഒരു സമുദായത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ബിഷപ്പിനേപ്പോലെയൊരാൾ ഇത്തരം ദുരാരോപണങ്ങൾ ഉന്നയിക്കുന്നത് മുസ്ലീം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്ന്അദ്ദേഹം പറഞ്ഞു.
നിരുത്തരവാദപരമായ ഈ പ്രസ്താവന പൊതുസമൂഹത്തിൽ മതസൗഹാർദം ഇല്ലാതാക്കുമെന്നും ആരോപണമുന്നയിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കേണ്ടത്. സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ മാത്രമേ ഇത്തരം പ്രസ്താവനകൾ സഹായകമാവുകയുള്ളൂ.സമുദായങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ ഇത്തരം പ്രസ്താവന നടത്തുന്നത് ഭിന്നത രൂക്ഷമാക്കും.
വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്ക് ബിഷപ്പിന്റെ പ്രസ്താവന സഹായകമാകും. സംസ്ഥാന സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും സത്താർ പറഞ്ഞു. നിയമനടപടി സ്വീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംഘടനയിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയുധം കൊണ്ട് കീഴടക്കാൻ കഴിയാത്തിടത്ത് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തിൽ ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. കത്തോലിക്ക കുടുംബങ്ങൾ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു. മറ്റ് മതങ്ങളിൽപ്പെട്ട യുവതികളുൾപ്പെടെ അഫഗാനിസ്താനിൽ എത്തിയത് എങ്ങനെയാണെന്നും ബിഷപ്പ് ചോദിച്ചിരുന്നു.
Content Highlights: SKSSF on Pala Bishop`s statement on Narcotic jihad