കണ്ണൂർ> സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ 23ാം ചരമവാർഷിക ദിനം ആചരിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചു. ബ്രാഞ്ചുകളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം നേതാക്കളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ഇ പി ജയരാജൻ അനുസ്മരണപ്രഭാഷണം നടത്തി. കേരളത്തിലെ ഇടതുപക്ഷ മനസുകളുടെ എണ്ണം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാത്തവർ പോലും ഇടതുപക്ഷത്തേക്ക് തിരിയുന്ന കാഴ്ചയാണ് തെളിയുന്നത്.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ നയങ്ങളാണ് ഇതിനു കാരണം. ജനങ്ങൾക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കി അതിനനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷവും ഇടതുപക്ഷത്തേക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു.