ഞങ്ങൾക്ക് മാനസിക രോഗമാണെന്നാണ് അവർ പറയുന്നത്. എൽ.ജി.ബി.ടി.ഐ.ക്യൂ വിഭാഗങ്ങളിൽപ്പെട്ട ഞങ്ങളെപ്പറ്റി എം.ബി.ബി.എസ് പഠിക്കുന്ന കുട്ടികളുടെ പാഠപുസ്തകങ്ങളിൽ പറയുന്നത് ഇത്തരത്തിലാണ്.- ഞങ്ങൾ മാനസിക രോഗികളാണോ? കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയുമ്പോഴും പോരാടുകയും ചെയ്യുമ്പോൾ ആരോഗ്യ രംഗത്ത് ഈ മാറ്റത്തിനു വേണ്ടി കോടതി കയറുകയാണ് ഇവർ.
ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്വവർഗാനുരാഗികളെയും എം.ബി.ബി.എസു കാർക്കുള്ള പാഠപുസ്തകങ്ങളിൽ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയതോടെയാണ് വിഷയം പൊതുജന ശ്രദ്ധയിലേക്ക് എത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടേത് മാനസികമായ പ്രശ്നമാണെന്ന തരത്തിൽ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നതായാണ് അവരുടെ ആരോപണം. മെഡിക്കൽ ടെക്സ്റ്റ് ബുക്കിലെ പരാമർശം തങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയായ ക്വീർറിഥം എന്ന സംഘടനയാണ് കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്.
രാജ്യത്തെ പരമോന്നതി നീതി പീഠം ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചതാണ്. അതിനെ തുടർന്ന് സ്വവർഗാനുരാഗം കുറ്റകൃത്യമല്ലാതായി. പക്ഷേ ഇന്നും മനുഷ്യശരീരത്തെ അടുത്ത അറിയുന്ന, ആൺ പെൺ ശരീരങ്ങൾ എന്ന് വേർതിരിച്ച് പഠിക്കുന്ന ഡോക്ടർമാർക്ക് ലൈംഗിക ന്യൂനപക്ഷത്തിൽപ്പെട്ടവരുടെ ശരീരത്തെക്കുറിച്ചോ ശാരീരിക മാറ്റങ്ങളെക്കുറിച്ചോ കൃത്യമായ ധാരണയില്ലെന്നു വേണം മനസിലാക്കാൻ. മാനസിക രോഗമാണെന്നും ആൺ വേശ്യയെന്നും പരാമർശിക്കുന്ന പുസ്തകങ്ങളെ പഠിച്ചിറങ്ങുന്ന ഡോക്ടർമാർ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരേയും അവരുടെ ശാരീരിക മാനസിക പ്രശ്നങ്ങളേയും അറിയുന്നതും പാഠപുസ്തകം നൽകിയ അതേ കാഴ്ചപ്പാടോടുകൂടി തന്നെയാകും.
ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി പ്രിൻസിപ്പൾസ് ആൻഡ് പ്രാക്ടീസ്-വി കൃഷ്ണൻ- അഞ്ചാം എഡിഷൻ
ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി ഫോർ എം.ബി.ബി.എസ്- അനിൽ അഗർവാൾ- ആദ്യ എഡിഷൻ
ജി.എച്ച്.എ.ഐ, എസൻഷ്യൽ പീഡിയാട്രിക്സ്
ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി – പി.സി ഇഗ്നേഷ്യസ്
ഷോസ് ടെക്സ്റ്റ് ബുക്ക് ഓഫ് ഗൈനക്കോളജി
കരിക്കുലം ഓൺ സൈക്ക്യാട്രി- തുടങ്ങിയ പുസ്തകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ക്വീർറിഥം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ട്രാൻസ്ജെൻഡേഴ്സ് എന്താണെന്ന് അറിയാത്തവരും, ടാൻസ്ഫോബിക് ആയ അധ്യാകരും ഉണ്ട്
ഡോ. ഷിംന അസീസ് | ഫോട്ടോ – മാതൃഭൂമി
ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചും ശസ്ത്രക്രിയക്ക് ശേഷമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ഇപ്പോഴും മിക്ക ഡോക്ടർമാർക്കും അറിയില്ലെന്ന് പറയുകയാണ് പൊതുജനാരോഗ്യ പ്രവർത്തകയായ ഡോ. ഷിംന അസീസ്.
ഞാൻ പഠിക്കുന്ന കാലത്ത് എസ്.ആർ.എസ് അടക്കമുള്ള ശസ്ത്രക്രിയകളെക്കുറിച്ച് വലിയ ധാരണയൊന്നും കിട്ടിയിട്ടില്ല. എം.ബി.ബി.എസ് പാഠ്യപദ്ധതിക്കകത്ത് ചെറിയൊരു തുടക്കം മാത്രമാണ് ഉണ്ടായിരുന്നത്. ട്രാൻസ്ജെൻഡർ, ലസ്ബിയൻ, ഗേ എന്താണെന്ന് പറഞ്ഞ് പോകുക മാത്രമാണ് ചെയിതിരുന്നത്. ആരോഗ്യ രംഗത്ത് ട്രാൻസ്ഫോബിക് ആയ അധ്യാപകരുണ്ട്. അവരാണ് നാളത്തെ ഡോക്ടർമാരെ ഉണ്ടാക്കുന്നവർ. പാഠപുസ്തകത്തിൽ എന്ത് തന്നെ ഉണ്ടെങ്കിലും അതിനെ മാറ്റി പറയാൻ പ്രാപ്തിയുള്ളവർ ഉണ്ടെങ്കിലും അവർ അത് പലപ്പോഴും ചെയ്യാറില്ല.
പൊതുവേ ട്രാൻസ്ജെൻഡറായ വ്യക്തികൾ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടർമാരുടെയടുത്ത് പോകാൻ മടിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. കൃത്യമായ ചികിത്സയും കൗൺസിലിങും കൊടുക്കേണ്ട വിഭാഗമാണ് ട്രാൻസ്ജെൻഡറുകൾ. കാരണം ഏറ്റവും കൂടൂതൽ ലൈംഗിക പ്രശ്നങ്ങളും, ലൈംഗിക അതിക്രമങ്ങളും നേരിടുന്നവരാണ് ഇവർ. സമൂഹം ഒറ്റപ്പെടുത്തുകയും കളിയാക്കുകയും ജോലി പോലും ചെയ്ത് ജീവിക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അവഗണിക്കപ്പെടുന്നവരായിട്ട് പോലും അവർക്ക് കൃത്യമായി ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ല. എല്ലാ സമൂഹത്തിനിടയിലും ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. പക്ഷേ പലപ്പോഴും അവർ പുറത്ത് വരാത്തത് ഇത്തരത്തിൽ സമൂഹം എങ്ങനെയാകും അവരെ വിധിയെഴുതുക എന്ന് ചിന്തിച്ച് കൂടിയാണ്.
ട്രാൻസ്ജെൻഡറോ, ഹോമോസെക്ഷ്വലോ ആകുക എന്നത് ഏറ്റവും നോർമലായ കാര്യങ്ങളാണ്. ഏറ്റവും ചെറിയ ക്ലാസുകളിലും മെഡിക്കൽ ഒന്നാം വർഷം മുതലും ഇവരെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാൻ പാഠ്യപദ്ധതിയിലൂടെ കഴിയണം. കുട്ടികൾക്ക് ട്രാൻസ് വ്യക്തികൾക്ക് നേരെ ഒരു പോസിറ്റീവ് മെന്റാലിറ്റി ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കണം. ഡോക്ടേഴ്സ് എന്നത് മനുഷ്യ ശരീരത്തിന്റെ കാര്യത്തിൽ വിദഗ്ധരാണ്. ആ ഡോക്ടർമാരും അവരെ വാർത്തെടുക്കുന്ന പാഠപുസ്തകങ്ങളും ടീച്ചർമാരും മാറാൻ ഇത്തരമൊരു ഹർജി കാരണമാകുമെങ്കിൽ അതാണ് ഏറ്റവം നല്ലത്. പാഠപുസ്തകങ്ങളിലും അല്ലാതെയും ഇനിയും ചർച്ചകളുണ്ടാകണം.
കോടതി അംഗീകരിക്കുമ്പോഴും ആരോഗ്യരംഗം അംഗീകരിക്കുന്നില്ല
ശ്യാമ എസ് പ്രഭ | ഫോട്ടോ: ഷഹീർ സി എച്ച്
ട്രാൻസ്ജെൻഡറായ വ്യക്തികളെ നിയമപരമായി പരാമർശിച്ചുകൊണ്ട് 2014ലാണ് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിക്കുന്നത്. പിന്നീട് 2019 സെപ്തംബറിൽ 337ാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവും വന്നു. ഇത്തരം കോടതി വിധികൾ വരുമ്പോൾ പോലും അതിനുള്ളിൽ തന്നെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരം മാറ്റങ്ങൾ വരണമെന്ന് പറയുന്നുണ്ട്. പക്ഷേ നമ്മുടെ പാഠ്യപദ്ധതിക്കുള്ളിൽ ഇത്തരം നെഗറ്റീവ് ചിന്തകൾ പ്രചരിപ്പിക്കുന്ന തരം വിവരങ്ങളാണ് നൽകുന്നത്. ഇത്തരം നെഗറ്റീവ് ചിന്താഗതികളെ പറിച്ചെറിയേണ്ട സമയം കഴിഞ്ഞുവെന്ന് പറയുകയാണ് കേരള ടി ജി സെൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസറും ക്വീർറിഥം സെക്രട്ടറി കൂടിയായ ശ്യാമ എസ് പ്രഭ.
ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി എന്ന് പറഞ്ഞുള്ള പുസ്തകത്തിൽ ട്രാൻസ് ആയിട്ടുള്ളവരെ ആൺ വേശ്യ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരംകാര്യങ്ങളാണ് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. ഇവരാണ് ഭാവിയിൽ നമ്മുടെ ഡോക്ടർമാരായി വരുന്നത്. ഹോമോസെക്ഷ്വാലിറ്റിയെല്ലാം വളരെ മോശമായ കാര്യങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരുടേയും സമ്മതത്തോടെ ജീവിക്കുന്നതെല്ലാം അവകാശമായി കോടതി പോലും അംഗീകരിക്കുമ്പോഴും മെഡിക്കൽ പാഠ്യപദ്ധതിയിൽ മോശമായി ചിത്രീകരിക്കുകയാണ്. ഡോക്ടർമാർ, അധ്യാപകർ, പോലീസ് എന്നിവരെല്ലാം സാമൂഹിക മാറ്റത്തിന് കൂട്ടായി പ്രവർത്തിക്കേണ്ടവരാണ്. പക്ഷേ അവരിലേക്ക് നെഗറ്റീവായ സന്ദേശം കൊടുത്ത് കഴിഞ്ഞാൽ അതിന്റെ പരിണിത ഫലം എന്തായിരിക്കുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
പാഠ പുസ്തകങ്ങളിലെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ, കേന്ദ്രസർക്കാർ, ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ബോർഡ്, കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ്്, മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ എന്നിവരെല്ലാം ഇതിൽ പ്രതി ചേർത്തുകൊണ്ടാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെ ഇവർക്കെല്ലാം പലതവണ ഈ മെയിൽ വഴി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരാതി അയച്ചിരുന്നു. എന്നാൽ അതിൽ യാതൊരു ഫലവും ഇല്ലാതായതോടെയാണ് നേരിട്ട് കോടതിയെ തന്നെ സമീപിക്കാൻ തീരുമാനിച്ചതെന്നാണ് ക്വർറിഥം അംഗങ്ങൾ പറയുന്നത്.
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിക്കാർ നൽകിയിരിക്കുന്ന നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷനോട് നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും അടുത്ത് അറിയേണ്ടവരാണ് ഡോക്ടർമാർ
ഒരു വല്ലായ്മ വന്നാൽ ഓടിപ്പോവുക ഡോക്ടർമാരുടെ അടുത്തേക്കാണ്. അവിടെ ലിംഗമോ മതമോ ജാതിയോ നോക്കാറില്ല. ശസ്ത്രക്രിയയിലെ പിഴവുകളടക്കം ചൂണ്ടിക്കാണിച്ച് ആത്മഹത്യകളും ദുരിത ജീവിതവും പറഞ്ഞ് പല ട്രാൻസ്ജെൻഡർ വ്യക്തികളും ഇന്ന് സമൂഹത്തിന് മുന്നിലേക്ക് വരുമ്പോൾ ഡോക്ടർമാരുടേയും ആരോഗ്യ രംഗത്തിന്റേയും വിശ്വാസ്യത കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. ട്രാൻസ്ജെൻഡർമാർക്ക് മാത്രമായി പ്രത്യേക ആശുപത്രി എന്ന ആവശ്യം ഉയർത്തുമ്പോൾ ഒരു പക്ഷേ ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത് അവരുടെ ശാരീരിക പ്രശ്നങ്ങൾ കൃത്യമായി മനസിലാകുന്ന അവരോട് മനസലിവ് കാണിക്കുന്ന ഡോക്ടർമാർ ഉണ്ടാവുക എന്നതുകൂടിയാകണം. ശസ്ത്രക്രിയക്ക് ശേഷമോ മറ്റോ വേദന സഹിക്കാനാകാതെ ഓടി ചെല്ലുമ്പോൾ വേദന മാറ്റാൻ കഴിയുന്ന ഡോക്ടർ ഉണ്ടാകണം എന്നുകൂടിയാണ്. അതിനായി പാഠ്പദ്ധതിയിലെ മാറ്റം അനിവാര്യമാണ്. രാജ്യത്തെ പരമോന്നത നീതി പീഠത്തിന് മുന്നിൽ വിശ്വാസമർപ്പിക്കുകയാണ് ഇന്ന് ടാൻസ്ജെൻഡർ സമൂഹം.