Also Read:
265 പേരാണ് നിലവിൽ തയ്യാറാക്കിയ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ആർക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങൾ മാത്രമെ ഉള്ളൂവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
68 പേർ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ നെഗറ്റീവായവർ കുറച്ച് ദിവസം കൂടി നിരീക്ഷണത്തിൽ തുടരും. ശേഷം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദേശം. നിപാ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിർത്തിവെച്ച വാക്സിനേഷൻ നാളെ പുനരാരംഭിക്കും. നിപ കണ്ടെയിൻമെന്റ് സോണുകളല്ലാത്ത ഇടങ്ങളിലാകും വാക്സിനേഷൻ നടത്തുക. ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് വവ്വാലുകളുടെ സാമ്പിളുകൾ ഭോപ്പാലിലേക്ക് അയക്കുന്നുണ്ടെന്നും വീണാ ജോർജ് അറിയിച്ചു.
പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ പ്രദേശത്തെ 4,995 വീടുകളില്‍ ഗൃഹസന്ദര്‍ശനം നടത്തി. 27,536 ആളുകളെ നേരില്‍ കണ്ടു. 44 പേര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തി. മാവൂര്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. ഗൃഹസന്ദര്‍ശനത്തിനിടെ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നിപ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.
പനിയോ പനിയുടെ ലക്ഷണങ്ങളോ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമില്ലാതെ കോവിഡ് വാക്സിന് സ്വീകരിക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഓരോരുത്തരും അവരവരുടെ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ തന്നെ വാക്സിനേഷന് സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമുള്ളവര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. നിപ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റ് ലഭിക്കുന്നുവെന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പു വരുത്തണം. ഐസൊലേഷനില്‍ കഴിയുന്ന 265 പേരില്‍ ഓരോരുത്തര്‍ക്കും ഓരോ വളണ്ടിയര്‍ എന്ന രീതിയില്‍ സേവനം ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ചാത്തമംഗലം പ്രദേശത്ത് നിയന്ത്രണം തുടരുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മരങ്ങളില്‍നിന്ന് കൊഴിഞ്ഞുവീഴുന്ന പഴങ്ങള്‍ കഴിക്കരുതെന്നും വാങ്ങിക്കുന്ന പഴങ്ങള്‍ വൃത്തിയായി കഴുകി ഉപയോഗിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘത്തിന്റെ തലവന്‍ ജില്ലയിലെത്തിയതായി മന്ത്രി അറിയിച്ചു. ടീമംഗങ്ങള്‍ അടുത്ത ദിവസം ജില്ലയില്‍ എത്തിച്ചേരുകയും സാമ്പിളുകള്‍ ശാസ്ത്രീയമായി പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.
ആരോഗ്യ വകുപ്പ് മന്ത്രിയുടേയും വനം വന്യജീവി വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടന്നു. ജില്ലയിലെ ഹോമിയോ ഡോക്ടര്‍മാര്‍, ഗവ.വെറ്ററിനറി ഡോക്ടര്‍മാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സണ്മാര് എന്നിവര്‍ക്ക് പരിശീലനം നല്കി.
അവലോകന യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലുമായി മന്ത്രിമാരായ എകെ ശശീന്ദ്രന്, മുഹമ്മദ് റിയാസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ വി ആര് രാജേന്ദ്രന്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ ആര് വിദ്യ, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേര് ഡോ എ നവീന്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ കെ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.