രാഖിലിന്റെ ഒപ്പം പോയതല്ലാതെ പിസ്റ്റൾ വാങ്ങിയ വിവരം അറിയില്ലായിരുന്നു എന്നാണ് ആദിത്യൻ പോലീസിനോട് പറഞ്ഞത്. രാഖിലിന് തോക്ക് വിറ്റ കേസിൽ ബിഹാർ സ്വദേശികളായ സോനുകുമാർ മോദി, മനേഷ് കുമാർ വർമ്മ എന്നിവർ അറസ്റ്റിലായിരുന്നു. കള്ളത്തോക്ക് നിർമ്മാണത്തിന്റെയും വിൽപ്പനയുടേയും കേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനുവിനെ ബിഹാർ പോലീസിന്റെ സഹായത്തോടെ കേരളാ പോലീസ് പിടികൂടിയത്.
സോനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറും പിടിയിലായിരുന്നു. നേരത്തെ രാഖിലിനു കീഴിൽ ജോലി ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളിയിൽ നിന്നാണ് തോക്ക് ബിഹാറിൽ ലഭിക്കുമെന്ന വിവരം രാഖിലിന് ലഭിച്ചത്. 35000 രൂപയ്ക്കാണ് രാഖിൽ തോക്ക് വാങ്ങിയത്.
രാഖിലിന്റെ ബിസിനസ് പങ്കാളികൂടിയാണ് ആദിത്യൻ. കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരാനെന്ന പേരിലാണ് രാഖിലും ആദിത്യനും ബിഹാറിലേക്ക് പോയത്. ഏഴ് തിരകൾ നിറയ്ക്കാവുന്ന തോക്കാണ് രാഖിൽ വാങ്ങിയത്. 7.62 എംഎം വിഭാഗത്തിൽ പെടുന്ന പിസ്റ്റലാണ് രാഖിൽ മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്.
കോതമംഗലത്ത് മാനസ താമസിച്ചിരുന്ന വീടിനടുത്ത് മുറി വാടകയ്ക്കെടുത്താണ് രാഖിൽ കൊലപാതകം ആസൂത്രണം ചെയ്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇതേ തോക്കിൽ നിന്നും വെടിയുതിർത്ത് രാഖിൽ ആത്മഹത്യ ചെയ്തിരുന്നു.