കൊച്ചി: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ കെ.ടി.ജലീൽ എംഎൽഎ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. തെളിവുകൾ കൈമാറാനായി നാളെ വൈകീട്ട് നാല് മണിയോടെ കൂടിയാകും ഇ.ഡിക്ക് മുമ്പാകെ ജലീൽ എത്തുക.
ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഈ മാസം രണ്ടിന് കെ.ടി.ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ.ഡി.കൂടുതൽ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീൽ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തെളിവുകൾ നൽകാനായി ജലീൽ ഇ.ഡിക്ക് മുന്നിലെത്തുന്നത്.
ചന്ദ്രിക അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീൽ തെളിവുകൾ നൽകുക. ഇതിനിടെ എ.ആർ.നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജലീൽ ഇ.ഡിയെ സമീപിച്ചതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി പറഞ്ഞിരുന്നു. വിഷയത്തിൽ സഹകരണ വകുപ്പും സിപിഎമ്മും ജലീലിനെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു.