ന്യൂഡൽഹി: മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ മന്ത്രി കെ.ടി.ജലീൽ നടത്തിയ ആരോപണത്തെ തുടർന്ന് സജീവമായമലപ്പുറത്തെ എ.ആർ. നഗർ സഹകരണബാങ്ക് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെഇടപെടൽ തേടിബിജെപി. ഇത് സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നൽകുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു. ലാവ്ലിൻ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പണ്ട് സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ തള്ളിക്കളയുന്നതെന്നുംഅബ്ദുള്ളകുട്ടി ആരോപിച്ചു.
കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്നും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആർ.നഗർ ബാങ്കിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്നുമുള്ള വിചിത്രമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാടിൽ ശക്തമായി പ്രതിഷേധിക്കുന്നു. 1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്നു എന്ന വിഷയത്തിൽ അന്വേഷണം നടക്കാൻ പോകുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടയുന്നത്സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.-എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു.
നേരത്തെ, എ.ആർ. നഗർ സഹകരണബാങ്കിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചെന്ന് ഇ.ഡി.ക്ക് പരാതിയും തെളിവും നൽകിയ കെ.ടി. ജലീലിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗതെത്തിയിരുന്നു. ഇവിടെ അന്വേഷണം നടക്കുമ്പോൾ സാധാരണനിലയ്ക്ക് ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് ജലീൽ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.ടി. ജലീൽ, ഇ.ഡി. ചോദ്യംചെയ്തയാളാണല്ലോ? ആ ചോദ്യംചെയ്യലോടെ ഇ.ഡി.യിൽ കുറേക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത് -മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു.ജലീൽ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ ഏറ്റെടുക്കാത്തതെന്തെന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും സി.പി. എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും നേരത്തെ ബാങ്ക് വിഷയത്തിൽ ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്രസർക്കാരിനെ ഇടപെടിയിക്കാൻ ബിജെപിയുടെ ഭാഗത്തുനിന്ന് ശ്രമം ആരംഭിച്ചത്.
Content Highlights: A.P. Abdullakutty AR Nagar Co-op Bank scam, BJP, K.T.Jaleel