കാബൂൾ> അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കാൻ ശ്രമിക്കുന്ന പ്രാകൃതമായ ഉത്തരവുകൾക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ. കാബൂളിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർത്തിരുന്നു. എന്നാൽ ഭീഷണി വകവെയ്ക്കാതെ പെൺകുട്ടികളടക്കം കൂടുതൽ സ്ത്രീകൾ ശക്തമാകുന്ന പ്രതിഷേധങ്ങളുടെ ഭാഗമാകുകയാണ്. പ്ലക്ക് കാർഡുകളും പോസ്റ്ററുകളുമായി തെരുവിലിറങ്ങുന്ന സ്ത്രീകളെ താലിബാൻ അംഗങ്ങൾ തോക്കുകളുമായി നേരിടുന്നതിന്റെ നിരവധി ചിത്രങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് മാധ്യമപ്രവർത്തകർ ട്വീറ്റ് ചെയ്യുന്നത്.
An Afghan woman fearlessly stands face to face with a Taliban armed man who pointed his gun to her chest.
Photo: @Reuters pic.twitter.com/8VGTnMKsih
— Zahra Rahimi (@ZahraSRahimi) September 7, 2021
തലസ്ഥാനമായ കബൂളില് പ്രതിഷേധവുമായി തെരുവിലിറങ്ങിയ വനിതകളില് ഒരാള്ക്കു നേരെ താലിബാൻ ഭീകരൻ തോക്കുചൂണ്ടുന്നതും സ്ത്രീ നിര്ഭയമായി അയാള്ക്കുനേരെ നോക്കി നില്ക്കുന്നതുമായ ചിത്രം ടോളോ ന്യൂസിന്റെ കാബൂൾ ലേഖിക സാറ റഹിമി ട്വീറ്റ് ചെയ്തു. നെഞ്ചിനു നേരെ തോക്കുചൂണ്ടിയ താലിബാന് ഭീകരവാദിയോട് നിര്ഭയമായി മുഖാമുഖം നില്ക്കുന്ന അഫ്ഗാന് വനിത എന്ന കുറിപ്പോടെയാണ് ചിത്രം അവര് ട്വിറ്ററില് പങ്കുവെച്ചിരിക്കുന്നത്. വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സിന്റേതാണ് ചിത്രം. വലിയ പ്രചാരമാണ് നവമാധ്യമങ്ങളിൽ ചിത്രത്തിന് ലഭിക്കുന്നത്. ബിബിസിയുടെ മാധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ മൗസവിയും കാബൂളിലെ സ്ത്രീകളുടെ പോരട്ടത്തിന്റെ നിരവധി ചിത്രങ്ങൾ ട്വീറ്റ് ചെയ്തു.
Today in Kabul #Afganistan #AfghanTaliban #TalibanTakeover pic.twitter.com/S9YgLlxAeS
— Jamaluddin Mousavi (@Jamal_Mousavi) September 7, 2021
താലിബാനെതിരെ നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില് നടന്നത്. പാകിസ്താന് എംബസിയിലേക്കും വനിതകൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ഈ പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനുവരുന്ന സ്ത്രീകളെ പിരിച്ചുവിടാന് താലിബാന് വെടിയുതിര്ത്തതായി വാർത്തകളുണ്ടായിരുന്നു.
അഫ്ഗാനിസ്ഥാനിലെ സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാകൃതമായ മാർഗരേഖ താലിബാൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പെൺകുട്ടികൾ നിർബന്ധമായും മുഖം മറയ്ക്കണം, ക്ലാസ് റൂമുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവേണം, പെൺകുട്ടികളെ വനിതാ അധ്യാപകർ തന്നെ പഠിപ്പിക്കണം, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക വാതിലുകൾ വേണം, ആൺകുട്ടികളും പെൺകുട്ടികളും ഇടവേളകളിൽ ഒരുമിച്ച് ഇടപഴകാതിരിക്കാൻ പെൺകുട്ടികളുടെ ക്ലാസുകൾ അഞ്ച് മിനിറ്റ് മുമ്പായി അവസാനിപ്പിക്കണം, സഹപാഠികളായ ആൺകുട്ടികൾ കോളേജ് പരിസരം വിട്ടുപോകുന്നതുവരെ പെൺകുട്ടികൾ വിശ്രമമുറികളിൽ തുടരണം തുടങ്ങിയ നിർദേശങ്ങളായിരുന്നു മാർഗരേഖയിലുള്ളത്.