പുനെയിൽ പരിശോധിച്ച 5 പേരുടേയും കോഴിക്കോട് പരിശോധിച്ച 15 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ആർക്കും രോഗമില്ലെന്നത് ആശ്വാസമാണ്. നിപ രോഗലക്ഷണമുണ്ടായിരുന്ന 17 പേരിൽ 16 പേരുടെയും സാമ്പിൾ നെഗറ്റീവാണ്. ഇനി 21 പേരുടെ പരിശോധന ഫലമാണ് വരാനുള്ളത്.
Also Read :
നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇവരെ 42 ദിവസം നിരീക്ഷിക്കും. നിലവിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സാമ്പിളുകൾ ശേഖരിച്ചിരുന്നു. 11 വീടുകളിൽ നിന്നായി 23 ആടുകളുടെ രക്തം ശേഖരിച്ചു. ചത്ത നിലയിൽ ഒരു വവ്വാലിനെ മീഞ്ചന്ത ബൈപാസിൽ നിന്നും അവശനിലയിലുള്ള ഒന്നിനെ മണാശ്ശേരിയിൽ നിന്നും സംഘത്തിന് ലഭിച്ചു. ഇവയെ പ്രത്യേക ബാഗിലാക്കി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് പരിശോധനക്ക് അയച്ചു.
Also Read :
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.കെ.ബേബി, ആനിമൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ.കെ.ജെ.വർഗ്ഗീസ്, ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് എപിഡമോളജിസ്റ്റ് ഡോ.നിഷ അബ്രഹാം തുടങ്ങിയവർ സാമ്പിൾ ശേഖരണത്തിന് നേതൃത്വം നൽകി.
വിഗദ്ധ നിരീക്ഷണത്തിനായി ജന്തുരോഗ നിയന്ത്രണ വിഭാഗം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. മിനി ജോസ്, ഡോ. സ്വപ്ന അബ്രഹാം, ഡോ.എസ്.നന്ദകുമാർ എന്നിവർ ജില്ലയിലെത്തിയിട്ടുണ്ട്.
Also Read :
നിപ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇ- ഹെല്‍ത്ത് റിയല്‍ ടൈം നിപ മാനേജ്‌മെന്‍റ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. ഫീല്‍ഡുതല സര്‍വ്വേക്ക് പോകുന്നവര്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാൻ കഴിയുന്ന വിധത്തിലാണ് സംവിധാനം. തിങ്കളാഴ്ച വൈകീട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സോഫ്റ്റ് വെയര്‍ പുറത്തിറക്കി. ഡിപ്പാര്‍ട്ട്‌മെന്‍റ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയുടേതാണ് രൂപകല്‍പ്പന. ഭാവിയില്‍ എല്ലാ സാംക്രമികരോഗങ്ങളുടെ വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു.